1980 കൾ മുതൽ ഇങ്ങോട്ടു മലയാള സിനിമയുടെ പൂർണ്ണത എന്നാൽ ജഗതി ശ്രീകുമാറിന്റെ ഹാസ്യരംഗങ്ങളിലൂടെയായിരുന്നു .ജഗതിയുടെ കോമഡിയിലാത്ത ചിത്രങ്ങൾ ഈ കാലയളവിൽ വിരളമായി .പ്രിയദർശൻ,വേണുനാഗവള്ളി,സിബിമലയിൽ തുടങ്ങി മലയാളത്തിലെ ക്ലാസിക് സംവിധായകർ മുതൽ പുതുതലമുറക്കാർ വരെ ജഗതിയുടെ നർമ്മരസത്തെ വേണ്ടുവോളം ഉപയോഗിച്ചവരാണ്

ജഗതി അഭിനയിച്ച രംഗങ്ങളിൽ ഏറ്റവും മികച്ചത് ഏതാണ് എന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഉത്തരം പറയാൻ പ്രയാസമാണ് .അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നർമ്മത്തിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച അഞ്ചു ചിത്രങ്ങളിലെ രംഗങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത് .

1 .അരം+അരം=കിന്നരം

1985-ൽ ശ്രീനിവാസന്റെ രചനയിൽ പ്രിയദർശൻ ഒരുക്കിയ ഹാസ്യചിത്രമായിരുന്നു അരം+അരം=കിന്നരം .ചിത്രത്തിലെ കെ ആൻഡ് കെ ആട്ടോമൊബൈൽസ് പ്രൊപ്രൈറ്റർ മനോഹരനായുള്ള ജഗതിയുടെ പകർന്നാട്ടം ഇന്നും പ്രേക്ഷക ലക്ഷങ്ങളെ ചിരിപ്പിച്ചു മണ്ണുകപ്പിക്കുന്ന ഒന്നാണ് .

2 .മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു

പ്രിയദർശന്റെ തന്നെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി .പപ്പു ,ശ്രീനിവാസൻ, മണിയൻപിള്ള രാജു, ലിസി, പ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് മറ്റൊരു ഹാസ്യചിത്രമാണ് മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു.1986-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ സർദാർ കൃഷ്ണകുറുപ്പ് എന്ന ജഗതിയുടെ കഥാപാത്രം എക്കാലത്തും ചിരിപൂരമൊരുക്കിയ പാത്ര സൃഷ്ടി തന്നെയായിരുന്നു .

3 .താളവട്ടം

1986-ൽ പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ മറ്റൊരു ചിത്രമായിരുന്നു താളവട്ടം .വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന അമേരിക്കൻ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിലെ നാരായണൻ എന്ന ജഗതിയുടെ കഥാപാത്രം ഡോ രവീന്ദ്രനായി വേഷമിട്ട എംജി സോമനെ കാണാൻ അടിച്ചു ഫിറ്റായി വരുന്ന ഒരു രംഗമുണ്ട് .ആ രംഗത്തിനൊടുവിൽ സോമൻ അടികൊടുക്കുന്നതോടെ ബോധം വന്നു തിരികെ പോകുന്ന ജഗതിയുടെ ആ രംഗം ഇന്നും മലയാളികളുടെ മനസ്സിൽ ചിരിയുണർത്തുന്നു .

4.യോദ്ധ

ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോദ്ധ .ഒരു ഫാന്റസി കഥയുടെ കേന്ദ്രബിന്ദുവായി മോഹൻലാലിന്റെ തൈപ്പറമ്പിൽ അശോകനും ജഗതിയുടെ അരശുംമൂട്ടിൽ അപ്പുക്കുട്ടനും എത്തുന്നതോടെ ചിത്രത്തിന് ഹാസ്യത്തിന്റെ മേലങ്കികൂടി അണിയേണ്ടി വന്നു .അരശുംമൂട്ടിൽ അപ്പുക്കുട്ടന്റെ ഹാസ്യരംഗങ്ങൾ ഇന്നും ഏറെ പുതുമയോടെ നിലനിൽക്കുന്നു .

5 .കിലുക്കം

മോഹൻലാൽ -പ്രിയദർശൻ ടീമിന്റെ ഈ ക്ലാസിക് ഹിറ്റ് ഒരു പക്ഷെ ജഗതിയില്ലെങ്കിൽ അപൂർണ്ണമായേനെ .അത്രയ്ക്ക് ചിത്രവുമായി ഇഴുകിച്ചേർന്നു നിൽക്കുന്ന കഥാപാത്രമാണ് ജഗതി അവതരിപ്പിച്ച നിശ്ചൽ എന്ന സ്റ്റിൽ ഫോട്ടോഗ്രാഫറുടെ വേഷം .ഒരുപക്ഷെ മോഹൻലാൽ-ജഗതി കോമ്പിനേഷൻ ഏറ്റുവുമധികം വർക്ക്ഔട്ടായ ഒരു ചിത്രം കൂടിയാണ് കിലുക്കം .