Saturday, April 20, 2024
spot_img

അറിയാം അയ്യപ്പനും കോശിയുടെയും ചിത്രീകരണം നടന്ന അട്ടപ്പാടിയിലെ ഗ്രാമവഴികള്‍

കോടമഞ്ഞ് കാഴ്ചകള്‍ മറയ്ക്കുന്ന വഴിത്താരകള്‍.ഇത് അയ്യപ്പനും കോശിയുടെയും ചിത്രീകരണം നടന്ന അട്ടപ്പാടിയിലെ ഗ്രാമവഴികള്‍.കോട്ടത്തറ നരസിമുക്കു വഴി കാട്ടിലൂടെയുള്ള ആ യാത്ര ബിഗ് സ്ക്രീനില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ തെളിച്ചത്തില്‍ തൊട്ടു മുമ്ബില്‍.കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കൃഷിയിടങ്ങളില്‍ നിലക്കടലയും പപ്പായയും തുടങ്ങി എല്ലാവിധ പച്ചക്കറികളും കിഴങ്ങുവര്‍ഗ്ഗങ്ങളും വിളഞ്ഞു നില്‍ക്കുന്നു.തമിഴും മലയാളവും ഇടകലര്‍ന്നു സംസാരിക്കുന്ന ഗ്രാമീണര്‍.അതിലുപരി കേരളത്തെ കാക്കുന്ന അതിരുപോലെ അങ്ങ് ദൂരെ തലയുയര്‍ത്തി നില്‍ക്കുന്ന അട്ടപ്പാടി മലനിരകളും.!

കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരും നല്‍കുന്ന ഉത്തരം ഒന്നുകില്‍ ഇടുക്കി അല്ലെങ്കില്‍ വയനാട് എന്നാവും.എന്നാല്‍ ഇതു രണ്ടുമല്ല കേട്ടോ.. അത് പാലക്കാട് ജില്ലയിലെ അട്ടപ്പാടി-ആനക്കട്ടി പ്രദേശങ്ങളാണ്.മലകള്‍ എല്ലായിടത്തും ഇല്ലേ..ഇതാണോ വലിയ സംഭവമെന്ന് ചോദിക്കരുത്.എല്ലാ കടപ്പുറങ്ങളും സൗന്ദര്യമുള്ളതാണ്.പക്ഷെ നാം ബീച്ചുകള്‍ തേടി എവിടെയൊക്കെ അലയുന്നു.

പച്ചപ്പട്ട് വിരിച്ച മലനിരകളും അതിന് അരഞ്ഞാണം എന്നപോലെ ചുറ്റിയൊഴുകുന്ന നദികളും മനുഷ്യ നിര്‍മ്മിതികള്‍ അധികം കൈകടത്തിയിട്ടില്ലാത്ത, നിശബ്ദത തളംകെട്ടിയ പരിസരങ്ങളും കാടും മേടും കാട്ടരുവികളും അസംഖ്യം വെള്ളച്ചാട്ടങ്ങളും ഗ്രാമീണ വഴിത്താരകളും കേരളത്തില്‍ നിന്ന് ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് കാഴ്ചകളുടെയും മൊത്തത്തിലുള്ള പേരാണ് അട്ടപ്പാടി.കാഴ്ചകളുടെ കാനനവസന്തം ഒരുക്കി തൊട്ടടുത്തു തന്നെയാണ് ആനക്കട്ടിയും.മണ്ണാര്‍ക്കാട്- അട്ടപ്പാടി -ആനക്കട്ടി-ഷോളയാര്‍- കോയമ്ബത്തൂര്‍ യാത്ര.. അത് അനുഭവിച്ചറിയേണ്ട ഒന്നുതന്നെയാണ്.മലകളെ വാരിപ്പുണര്‍ന്ന് പാത്രക്കടവും കടന്ന് മണ്ണാര്‍ക്കാട് സമതലങ്ങളിലേക്ക്ധൃതിയില്‍ പോകുന്ന കുളിരി​ന്‍റെ പേരാണ് മക്കളേ കുന്തിപ്പുഴ. ഈ പുഴയുടെ തെളിഞ്ഞ മനസ്സാണ് അട്ടപ്പാടിയിലെ ആദിവാസി സമൂഹം. മഴക്കാടുകളെ രണ്ടാക്കി പകുത്ത്​ ഒഴുകുന്ന പുഴയുടെ തീരത്ത് ഉയര്‍ന്നു വന്ന അവരുടെ ജൈവികമായ ഊരുകളുടെ കരുതലാണ് അട്ടപ്പാടിയുടെ സൗന്ദര്യവും!


പ്രകൃതിയുടെയും ആദിമ മനുഷ്യരുടെയും തനിമ തേടിയുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് ആത്മസംതൃപ്തി നല്‍കുന്ന യാത്രയാകും പാലക്കാട് ജില്ലയുടെ അല്ല, കേരളത്തിന്റെ അതിരു കാക്കുന്ന അട്ടപ്പാടി മലയിലേക്കുള്ളത്. പാലക്കാടിന്‍റെ വടക്ക് കിഴക്കന്‍ മേഖലയില്‍ 827 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് അട്ടപ്പാടി മലകള്‍ നിലകൊള്ളുന്നത്. കാടും മലകളും പുഴകളും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും എല്ലാം ചേരുന്ന ഒരു അപൂര്‍വ്വ സുന്ദര പ്രദേശമാണ് അട്ടപ്പാടി.കേരളത്തിലെ ഏറ്റവും വലിയ ആദിവാസി സെറ്റില്‍മെന്‍റുകളില്‍ ഒന്നുമാണ് ഇത്.ഇരുളര്‍, മുദുഗര്‍ തുടങ്ങി നിരവധി ആദിവാസി വിഭാഗങ്ങള്‍ അട്ടപ്പാടിയിലുണ്ട്.ഇവരുടേതായ പ്രത്യേക ആഘോഷങ്ങളും ഉത്സവങ്ങളും നിറമുള്ള കാഴ്ചകളാണ് ഒരു സഞ്ചാരിക്ക് സമ്മാനിക്കുന്നത്.മല്ലീശ്വരന്‍ എന്ന കൊടുമുടി ശിവലിംഗമായി കരുതി ആരാധിക്കുന്നവരാണ് ഇവിടത്തെ ആദിവാസികള്‍ ഏറെയും.മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവമാണ് ഇവരുടെ ഏറ്റവും വലിയ ആഘോഷം.

സഹ്യപര്‍വതത്തിനരികത്തുള്ള ഒരു മലയോര പ്രദേശമാണ് അട്ടപ്പാടി.പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ചേര്‍ത്ത് പൊതുവെ അറിയപ്പെടുന്ന പേരാണ് അട്ടപ്പാടി എന്നത്. പ്രസിദ്ധമായ സൈലന്‍റ് വാലി നാഷണല്‍ പാര്‍ക്ക് (നിശ്ശബ്ദതയുടെ താഴ് വര)സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.കോയമ്ബത്തൂരിന് ദാഹജലമൊരുക്കുന്ന ശിരുവാണി നദിയുടെ ഉത്ഭവവും ഇവിടെ നിന്നാണ്. അട്ടപ്പാടിയില്‍ ഉത്ഭവിച്ച്‌ കിഴക്കോട്ട് ഒഴുകുന്ന ഭവാനിപ്പുഴയും പ്രസിദ്ധമാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ.ഒപ്പം ഭാരതപ്പുഴയുടെ പ്രധാനപോഷകനദികളുടെ ഉത്ഭവസ്ഥാനവും അട്ടപ്പാടി പ്രദേശമാണ്.നെല്ലിപ്പുഴ, കുന്തിപ്പുഴ എന്നിവയാണ് അവയില്‍ പ്രധാനം. നിറയെ മുടിപ്പിന്‍ വളവുകളോടു കൂടിയ അട്ടപ്പാടി ചുരം റോഡ്, താഴ്വര എന്നിവ ന

യനാനന്ദ കാഴ്ചകളാല്‍ സമൃദ്ധമാണ്.
മണ്ണാര്‍ക്കാട് ആണ് അട്ടപ്പാടിയ്ക്ക് ഏറ്റവും അടുത്തുകിടക്കുന്ന പട്ടണം. കോയമ്ബത്തൂരും സമീപത്ത് തന്നെയാണുള്ളത്. മണ്ണാര്‍ക്കാട് നിന്നും പാലക്കാട് വഴിയല്ലാതെ കോയമ്ബത്തൂര്‍ പോകുവാനുള്ള ഒരു എളുപ്പ മാര്‍ഗ്ഗം കൂടിയാണിത്. മണ്ണാര്‍ക്കാട് പട്ടണത്തില്‍ നിന്നും ഏതാണ്ട് 7 കി.മീ. പിന്നിട്ടു കഴിഞ്ഞാല്‍ അട്ടപ്പാടി ആരംഭിക്കുകയായി. ആനമൂളി എന്ന സ്ഥലമാണ് അട്ടപ്പാടിയുടെ തുടക്കം.ആനമൂളി, മുക്കാലി, സൈലന്‍റ് വാലി, ചിണ്ടക്കി, കക്കുപ്പടി, കല്‍ക്കണ്ടി, കള്ളമല, ജെല്ലിപ്പാറ, ഒമ്മല, മുണ്ടന്‍പാറ, താവളം, കൂക്കം പാളയം, കോട്ടത്തറ, ഗൂളിക്കടവ്, അഗളി, പാലയൂര്‍, പുതൂര്‍, ആനക്കട്ടി (സംസ്ഥാന അതിര്‍ത്തി), ഷോളയൂര്‍, ചാവടിയൂര്‍, മുള്ളി, ചിറ്റൂര്‍, കുറവന്‍പാടി, തുടങ്ങിയവയാണ് മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങള്‍.

Related Articles

Latest Articles