തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് ഏഴ് പേര്ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. വയനാട്ടില് മൂന്ന് പേര്ക്കും തൃശൂരില് രണ്ട് പേര്ക്കും എറണാകുളം, മലപ്പുറം ജില്ലകളില് ഒരോരുത്തര്ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇത്രയധികം ആളുകള്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇത് ആദ്യമായാണ്. അതേസമയം കോവിഡ് ചികിത്സയിലുണ്ടായിരുന്ന നാല് പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇതില് കണ്ണൂരില് രണ്ട് പേരും പാലക്കാട്, കാസര്ഗോഡ് ജില്ലകളില് ഒരോരുത്തരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 489 പേരാണ് കോവിഡില്നിന്നും മുക്തി നേടിയത്. 20 പേര് മാത്രമാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുള്ളത്.വിവിധ ജില്ലകളിലായി 26,712 പേര് നിരീക്ഷണത്തിലുണ്ട്. ഇവരില് 26,350 പേര് വീടുകളിലും 362 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്. 37,464 സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചതില് 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.ഇതുകൂടാതെ ആരോഗ്യ പ്രവര്ത്തകര്, അന്യ സംസ്ഥാനതൊഴിലാളികള്, സാമൂഹിക സമ്പര്ക്കം കൂടുതലുള്ള വ്യക്തികള് മുതലായ മുന്ഗണനാ ഗ്രൂപ്പുകളില് നിന്ന് 3815 സാമ്പിളുകള് ശേഖരിച്ചതില് 3525 സാമ്പിളുകള് നെഗറ്റീവ് ആയി.അതേസമയം,സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകള് ഇല്ല. നിലവില് 33 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.

