Thursday, May 2, 2024
spot_img

ഇന്ന് വിനായക ചതുർത്ഥി; മഹാഗണപതിയുടെ ജന്മദിനം ; വിനായക പൂജയ്ക്ക് ഉത്തമ ദിനം

തിരുവനന്തപുരം : ഹിന്ദു മത ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ്
വിനായക ചതുർത്ഥി . ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിൽ ആഘോഷിക്കപ്പെടുന്ന ഒരുത്സവമാണ് വിനായക ചതുർഥി. മഹാഗണപതി ഭഗവാന്റെ ജന്മദിനമായാണ് ആ ദിനത്തെ കണക്കാക്കുന്നത് . വിഘ്നങ്ങൾ അകറ്റാൻ വിനായകന്റെ പ്രീതി നേടിയാൽ മതിയെന്നാണ് പൊതുവെ ഉള്ള വിശ്വാസം. അതുകൊണ്ടുതന്നെ ഭാഗ്യമൂർത്തിയായാണ് ഗണപതിയെ കാണുന്നത്. ഗണേശ പൂജയ്ക്ക് ഏറ്റവും ഉത്തമമായ ദിവസവും ഇന്നാണ്.

മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഈ ദിനം ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും ഇപ്പോൾ വിനായക ചതുർത്ഥിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഇതേ ദിവസം തന്നെയാണ് ഗജപൂജ, ആനയൂട്ട് എന്നിവ നടത്തുന്നത്. തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും വിനായക ചതുർത്ഥി പ്രാധാന്യത്തോടെ തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. അത്തംചതുര്‍ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. 10 ദിവസത്തോളം വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നീളും. കളിമണ്ണിൽ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിർമ്മിച്ച് പൂജ നടത്തിയശേഷം കടലിൽ നിമഞ്ജനം ചെയ്യുന്നതും വിനായക ചതുര്‍ത്ഥി നാളിലാണ്.

വളരെ പ്രത്യേകതകൾ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി. തലയ്ക്ക് ചേരാത്ത ഉടലും, ഉടലിനു ചേരാത്ത വയറും, വയറിനു ചേരാത്ത കാലും, ശരീരത്തിന് ചേരാത്ത വാഹനവും എല്ലാം ഗണപതിയെ മറ്റ് ദേവതകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. പരസ്പ്പരം ചേരാത്ത അനേകം വസ്തുക്കളുടെ കൂട്ടമാണ്‌ പ്രപഞ്ചം. ഇത് തന്നെയാണ് ഗണപതി സങ്കൽപ്പത്തിനും പിന്നിലുള്ളത്. ദേവ -മനുഷ്യ -മൃഗ -പക്ഷി -വൃക്ഷ -ഗണ ങ്ങളുടെ പതി അഥവാ നാഥന്‍ എന്ന അര്‍ത്ഥമാണ് ഗണപതി എന്ന വാക്കുകൊണ്ട് ഉദേശിക്കുന്നത്

വിഘനേശ്വരന് പല മൂര്‍ത്തി ഭേദങ്ങളുണ്ട്. വിനായകന്‍, ഗണേശന്‍, പിള്ളയാര്‍‍, ഗജാനനന്‍, മൂഷികവാഹനന്‍, മോദകപ്രിയന്‍ തുടങ്ങി അനേകം നാമങ്ങളാല്‍ പൂജിതനാണ് വിനായകന്‍. വിനായകചതുര്‍ത്ഥി ദിവസം വീടുകളില്‍ ഗണേശയന്ത്രം വരയ്ക്കുന്നു. വളരെ നാളത്തെ ശ്രമങ്ങളുടെ ഫലമായി വലിയ പ്രതിമയുണ്ടാക്കി പൂജിക്കുന്നു. സകലവിധ അലങ്കാരങ്ങളോടും കൂടിയാണ് വിനായകനെ പൂജിക്കുന്നത്.

ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഗണപതി പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്ന ഈ ദിവസത്തിൽ മോദകം എന്ന മധുരപലഹാരം പ്രത്യേക പൂജകളോടെ തയ്യാർ ചെയ്തു ഗണപതിയ്ക്ക് മുൻപിൽ സമർപ്പിക്കും.

മണ്ണുകൊണ്ട് നിർമ്മിച്ച ഗണേശ വിഗ്രഹങ്ങളാണ് സാധാരണ പൂജയ്ക്കിരുത്തുക. രാവിലെ പൂജയ്ക്ക് ശേഷം അതെ ദിവസം തന്നെ വൈകിട്ടോ അല്ലെങ്കിൽ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം ഒൻപതാം ദിവസം എന്നിങ്ങനെ ഈ വിഗ്രഹങ്ങൾ ജലത്തിൽ നിമജ്ജനം ചെയ്യപ്പെടുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായി വലിയ ചടങ്ങുകളോടെയാണ് നിമജ്ജനം നടക്കപ്പെടുന്നത്. ഗണപതി വിഗ്രഹങ്ങൾ പുഴയിലോ, കടലിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങൾ സമാപിക്കുന്നു.

വിനായക ചതുര്‍ത്ഥി ഐതീഹ്യം

ഒരിക്കൽ ചതുര്‍ത്ഥി തിഥിയിൽ ഗണപതി ഭഗവാൻ ആനന്ദനൃത്തം നടത്തിയപ്പോള്‍ പരിഹാസത്തോടെ ചന്ദ്രൻ ചിരിച്ചു. ഗണപതിയുടെ കുടവയറും താങ്ങിയുള്ള നൃത്തത്തെയാണ് ചന്ദ്രൻ പരിഹസിച്ചത്. ഇതിൽ കുപിതനായ ഗണപതി ചന്ദ്രനോട് ക്ഷമിക്കാൻ തയ്യാറായില്ല. അങ്ങനെ, ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന്‌ പാത്രമാകുമെന്ന് ഗണപതി ശപിച്ചു. ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവഭഗവാൻ്റെ മുന്നില്‍ ചെന്ന് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവഭഗവാന്‍ വിഷ്ണുവിനോട് ഗണപതീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെട്ടു. ശിവഭഗവാന്‍ പറഞ്ഞത് പോലെ ഭഗവൻ വിഷ്ണു ഗണപതീവ്രതമനുഷ്ഠിച്ചു സങ്കടങ്ങള്‍ മാറ്റി. ഇതാണ് വിനായക ചതുര്‍ത്ഥി ദിനത്തിൻ്റെ ഐതീഹ്യം.

ചതുര്‍ത്ഥിനാളില്‍ ചന്ദ്രദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നും, ക്ലേശങ്ങള്‍ അനുഭവിക്കേണ്ടിയും വരുമെന്നുമുള്ള വിശ്വാസം നിലനിൽക്കുന്നുണ്ട്.

അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ ഇന്ന് പൂജകൾ മാത്രമായി വിനായക ചതുർത്ഥി ആഘോഷിക്കും. പഴവങ്ങാടി മഹാഗണപതി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനമില്ല. ക്ഷേത്രമതിലിലെ കവാടം തുറന്നിരിക്കും. അവിടെ നിന്നു വണങ്ങാം.

Related Articles

Latest Articles