Sunday, October 18, 2026

കന്നഡ നടൻ ചിരഞ്ജീവി അന്തരിച്ചു

ബംഗളൂരു: കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ (39) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടി മേഘ്ന രാജിൻ്റെ ഭർത്താവാണ്. പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരം അർജുൻ സർജയുടെ അനന്തരവൻ ആണ് മരിച്ച ചിരഞ്ജീവി. കന്നഡത്തിലെ സൂപ്പര്‍ താരം ധ്രുവ സര്‍ജ സഹോദരനുമാണ്. ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായം കുറവായതിനാല്‍ ഹൃദ്രോഗമാണെന്ന് കുടുംബം കരുതിയില്ല. എന്നാല്‍ പിന്നീട് ഹൃദയാഘാതമാണെന്ന് കണ്ടെത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

2009ല്‍ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. അവസാനചിത്രം ശിവാര്‍ജുന ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് തീയേറ്ററുകളില്‍ എത്തിയത്. 2018ലായിരുന്നു മേഘ്‌നാ രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുളള വിവാഹം. ചിരഞ്ജീവി സര്‍ജയുടെ സ്രവം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Latest Articles