കൊല്ക്കത്ത: ഇന്ത്യന് ഫുട്ബോളിലെ ഇതിഹാസതാരം ചുനി ഗോസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. വാര്ധക്യ സഹജമായ അസുഖങ്ങളെത്തുടര്ന്ന് ദീര്ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെയാണ് കൊല്ക്കത്തയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം. 1962ലെ ഏഷ്യന് ഗെയിംസില് സ്വര്ണ്ണമെഡല് നേടിയ ഇന്ത്യന് ടീമിന്െറ ക്യാപ്റ്റനായിരുന്നു അദ്ദേഹം .
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില് ബംഗാളിനേയും അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. 1956 നും 64 നും ഇടയില് ഇന്ത്യയ്ക്ക് വേണ്ടി 50 മത്സരങ്ങളാണ് ചുനി ഗോസ്വാമി കളിച്ചിട്ടുള്ളത്. 1962ലെ ഏഷ്യന് ഗെയിംസില് സ്വര്ണ്ണം നേടിയതിന് പുറമേ ഗോസ്വാമിയുടെ ക്യാപ്റ്റന്സിക്ക് കീഴില് 1964ലെ ടൂര്ണമെൻ്റില് ഇന്ത്യ റണ്ണേഴ്സ് അപ് ആവുകയും ചെയ്തിട്ടുണ്ട്. ബര്മ്മക്കെതിരെ അന്ന് നേരിയ മാര്ജിനിലാണ് ഇന്ത്യ ഫൈനലില് തോറ്റത്.
മോഹന് ബഗാന് വേണ്ടിയും അദ്ദേഹം ബൂട്ട് ധരിച്ചിട്ടുണ്ട് .1960ലെ റോം ഒളിംപിക്സിലും ഇന്ത്യന് ജഴ്സിയണിഞ്ഞു. 1957ലാണ് ഗോസ്വാമി അന്താരാഷ്ട്ര കരിയര് ആരംഭിച്ചത്. 1964ല് 27ാം വയസില് അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് വിരമിക്കുകയും ചെയ്തു . ഫുട്ബോളില് മാത്രമല്ല ക്രിക്കറ്റിലും അദ്ദേഹം ശക്തമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1963 ല് അര്ജുന അവാര്ഡും 1983 ല് പത്മശ്രീയും നല്കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

