Saturday, October 17, 2026

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിരോധിച്ച മരുന്നുകള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ടാണ് വിമാനത്താവളത്തില്‍ നിന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് കോണ്‍സുലേറ്റ് അധികൃതര്‍ നല്‍കുന്ന വിവരം.

വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് നീലഗിരി ജില്ലാ അതിര്‍ത്തിയിലെ അയ്യങ്കൊല്ലി ‘ആനന്ദ് നിവാസ്’ രവി – ശെല്‍വി ദമ്പതികളുടെ മകളായ 32 കാരി ഫിലോമിന, കഴിഞ്ഞ മൂന്ന് വര്‍ഷമായി റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തുവരികയാണ്.വാര്‍ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ ജിദ്ദയിലേക്ക് യാത്ര തിരിച്ചത്. ജിദ്ദയില്‍ നിന്നും കണക്ഷന്‍ ഫ്‌ലൈറ്റ് വഴിയാണ് ഇവര്‍ റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയില്‍ വിമാനമിറങ്ങിയ ശേഷം ഇവര്‍ കുടുംബത്തിന് ശബ്ദസന്ദേശം അയച്ചിരുന്നെങ്കിലും, പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

കുടുംബാംഗങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഫിലോമിന ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവരുന്നത്. റിയാദ് ഇന്ത്യന്‍ എംബസിയുടെയും ജിദ്ദ കോണ്‍സുലേറ്റിന്റെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആവശ്യമായ നിയമനടപടികളും തുടര്‍നീക്കങ്ങളും പുരോഗമിക്കുകയാണ്.

Related Articles

Latest Articles