കാസര്‍കോട്: കാസര്‍കോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങള്‍ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന് സൂചന. ഐ കൊന്റല്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണില്‍ വിളിച്ചത്.
വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയാണിത്.
ആരാണ് കമ്പനിയെ ചുമതലപ്പെടുത്തിയതെന്നോ എന്തിനാണ് ഇക്കാര്യം ചെയ്തതെന്നോ വ്യക്തമല്ല. ടെലി മെഡിസിന്‍ രംഗത്തും ഡേറ്റാബേസ് മേഖലയിലും വിവരശേഖരണ മേഖലയിലും പ്രവര്‍ത്തിക്കുന്ന കമ്പനി സഞ്ജയ് റാവത്ത് കുമാര്‍, തപസ്വിനി റാവത്ത് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്.
ദേശീയ കോവിഡ് സെല്ലില്‍ നിന്നുമാണ് വിളിക്കുന്നത് എന്ന് പരിചയപ്പെടുത്തി തിരിച്ചു വിളിക്കാന്‍ കഴിയാത്ത ഒരു നമ്പരില്‍ നിന്നുമായിരുന്നു വിളിച്ചതും വിവരം തേടിയതും. നേരത്തേ കാസര്‍ഗോട്ടെ കോവിഡ് രോഗികള്‍ക്ക് വിളിക്കാനും കൗണ്‍സിലിംഗ് നല്‍കാനും കാസര്‍ഗോട്ട് തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രി ഡോക്ടറെ ചുമതലപ്പെടുത്തിയിരുന്നതായി വിവരമുണ്ട്.
കൗണ്‍സിലര്‍ ആയ ഇദ്ദേഹവും ഡോക്ടര്‍ എന്നാണ് പരിചയപ്പെടുത്തിയിരുന്നത്. ഇവരില്‍ നിന്നാണോ വിവരങ്ങള്‍ പോയത് എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കോവിഡ് ബാധിതര്‍.

