Monday, April 29, 2024
spot_img

ഗർഭിണിയായ ഭാര്യയെ നാട്ടിലെത്തിച്ചു; നിധിൻ മരണത്തിലേക്ക് യാത്രയായി

ഷാര്‍ജ: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ ഗര്‍ഭിണി കോഴിക്കോട് സ്വദേശി ഗീതാ ശ്രീധരന്റെ ഭര്‍ത്താവ് നിധിന്‍ ചന്ദ്രന്‍(29) മരിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

ഗര്‍ഭിണിയായ തന്റെ പ്രിയതമയെ സുരക്ഷിതമായി നാട്ടിലെത്തിച്ച നിധിന്റെ അകാല വിയോഗം പ്രവാസികള്‍ക്ക് നൊമ്പരമായി മാറിയിരിക്കുകയാണ്. സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ നിഥിന്‍ സാമൂഹികസേവന രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കേരള ബ്ലഡ് ഗ്രൂപ്പിന്റ യുഎഇയിലെ കോര്‍ഡിനേറ്ററും കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ സജീവ പ്രവര്‍ത്തകരിലൊരാളുമായിരുന്നു ഈ പേരാമ്പ്ര സ്വദേശി.

ദുബായില്‍ ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന ആതിര വന്ദേഭാരത് ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. നാട്ടിലേക്ക് പോകാന്‍ ഇന്‍കാസ് യൂത്ത് വിംഗിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതിയെ സമീപിക്കുകയും അവസരം ഒരുങ്ങുകയുമായിരുന്നു. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്റെ മകനാണ് നിധിന്‍. ദുബായ് റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധന നടത്തിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Latest Articles