Sunday, October 18, 2026

ഡോക്ടർമാരുടെ കുറുപ്പടിയിൽ മദ്യം നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധം കനക്കുന്നു

കണ്ണൂര്‍: കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബീവറേജ് ഔട്ട്ലറ്റുകള്‍ അടച്ചതോടെ ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ പ്രതിഷേധം. സംസ്ഥാനത്ത് കെ.ജി.എം.ഒഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് നടത്തുന്ന കരിദിന പ്രതിഷേധം മലബാറിലും സജീവമായി തുടരുന്നു. സാമൂഹ്യ അകലത്തെ കുറിച്ച്‌ ജനങ്ങളോട് പറയുകയും സര്‍ക്കാര്‍ തന്നെ അതിനുള്ള അവസരം ഒരുക്കുകയുമാണെന്ന് കെ.ജി.എം.ഒ.എ ജില്ലാ നേതൃത്വം ആരോപിക്കുന്നു.

സര്‍ക്കാര്‍ തീരുമാനത്തോടെ മദ്യപാനികള്‍ കൂട്ടത്തോടെ ആശുപത്രിയുടെ വരാന്തയില്‍ നിരങ്ങാന്‍ ഇടയാക്കും. ഇവിടെ നിന്നും ഡോക്ടര്‍മാരെ ശല്യം ചെയ്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങി എക്സൈസ് ഓഫീസിലേക്ക് ഓടും.ഇവിടെ നിന്ന് ബിവറേജിലേക്ക് ഓടും. കൊറോണ കാലത്താണോ ഇതൊക്കെ ചെയ്യേണ്ടതെന്നാണ് ചോദ്യം. ചെറിയ അസുഖമുള്ളവര്‍ പോലും ആശുപത്രിയിലേക്ക് വരരുതെന്ന് പറയുമ്പോള്‍ ഇതോടൊപ്പം ഒ.പി സമയവും കൂട്ടി ആറുമണിവരെയാക്കി. കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ കോഴിക്കോടേക്കും കോഴിക്കോട്ടെ ഡെപ്യൂട്ടി സൂപ്രണ്ടിനെ കാസര്‍കോട്ടേക്കും മാറ്റി. ഇതിലും പ്രതിഷേധമുണ്ട്. ഫീല്‍ഡ് വിസിറ്റ് ചെയ്യേണ്ട ഡോക്ടര്‍മാരെയാണ് ഈവിധം ഉപദ്രവിക്കുന്നതെന്നും ആത്മവിശ്വാസം തകര്‍ക്കുന്നതായും നേതാക്കള്‍ പറയുന്നു.

Related Articles

Latest Articles