Sunday, October 18, 2026

രാജ്യത്ത് മരണം 50 കടന്നു; മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത് 300 ലേറെ പേര്‍ക്ക്

ദില്ലി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അന്‍പത് കടന്നു. 1800-ലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും ബംഗാളിലും രണ്ടുവീതവും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. യുപി യില്‍ ഗോരഖ്പുര്‍ ബിആര്‍ഡി കോളജില്‍ തിങ്കളാഴ്ച മരിച്ച 25 വയസുള്ള യുവാവിന് കോവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്ത്തി.

ഇയാള്‍ ചികില്‍സയിലായിരുന്ന മെഡിക്കല്‍ കോളജിലും ബസ്തിയിലെ ആശുപത്രിയിലും ജനറല്‍ വാര്‍ഡുകളിലാണ് കഴിഞ്ഞിരുന്നത്. മുംബൈയില്‍ നിന്ന് മടങ്ങിവന്ന വിവരം രോഗിയും ബന്ധുക്കളും മറച്ചുവച്ചെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 320 കടന്നു. ഡല്‍ഹിയില്‍ മൂന്നു ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രി അടച്ചു.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,158 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 1,88,578 പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ 3,890 ആയി.

1,05,792 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ 12,428 പേര്‍ മരിച്ചു . കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 837 പേരാണ് ഇറ്റലിയില്‍ മരിച്ചത്. സ്‌പെയിനില്‍ 8,464 പേര്‍ മരിച്ചു. ഫ്രാന്‍സില്‍ 3,523 പേരും യുകെയില്‍ 1,789 പേരും ജര്‍മനിയില്‍ 775 പേരും മരിച്ചു. ചൈനയില്‍ പുതിയ രോഗബാധിതരില്ല. ഇറാനില്‍ ഇതുവരെ 2,898 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

Related Articles

Latest Articles