വാഷിങ്ടണ്‍: ലോകത്താകമാനമായി കൊറോണ മഹാമാരി ബാധിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. 3.25 ലക്ഷത്തിലധികം പേര് മരിക്കുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 15 ലക്ഷത്തിന് മുകളിലാണ് യുഎസിലെ രോഗ ബാധിതര്‍. 93,553 പേര് മരിക്കയും ചെയ്തു.
കൊറോണയുടെ ഏറ്റവും പുതിയ ആഘാത കേന്ദ്രമായ ബ്രസീലില്‍ മരണ നിരക്ക് കുതിച്ചുയരുകയാണ്. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്രസീല്‍. ചൊവ്വാഴ്ച മാത്രം ബ്രസീലില്‍ 1179 പേര് മരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന റെക്കോര്‍ഡ് മരണനിരക്കാണിത്. 881 മരണമായിരുന്നു ഇതിന് മുമ്പ് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ മരണ നിരക്ക്.
തീവ്രവലതുപക്ഷക്കാരനായ ബ്രസീലിയന്‍ പ്രസിഡന്റ് ജയിര്‍ ബോല്‍സൊണാരൊ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ എതിര്‍ക്കുന്നതിനിടയിലാണ് രാജ്യത്ത് വൈറസ് വ്യാപകമാകുന്നത്. യുഎസിനും റഷ്യക്കും പിന്നാലെ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാമതുള്ള ബ്രസീലില്‍ പതിനെട്ടായിരത്തോളം പേര് ഇതിനോടകം മരിച്ചു.
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇപ്പോള്‍ കൊറോണയുടെ ആഘാതം കുറഞ്ഞിട്ടുണ്ട്. 27,778 പേരുടെ ജീവനെടുത്ത സ്പെയിനില്‍ ആശ്വാസമായി 24 മണിക്കൂറിനിടെ 69 മരണങ്ങള് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ 162 മരണവും റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സ്ഥിരമായി ആയിരത്തിന് മുകളില്‍ മരണമുണ്ടായിരുന്ന ഈ രണ്ട് രാജ്യങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരണനിരക്ക് 200 നുള്ളിലാണ്. പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. അതേസമയം യുകെയില്‍ ചൊവ്വാഴ്ച 545 മരണം റിപ്പോര്‍ട്ട് ചെയ്തു.
രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ 11-ാം സ്ഥാനത്താണ് നിലവിലുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം രാജ്യത്ത് 10,6750 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3303 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

