Monday, October 12, 2026

നിയന്ത്രണങ്ങളുടെ വിഷുക്കാലം, നല്ലൊരു നാളേയ്ക്കായി പ്രതീക്ഷയോടെ…

തിരുവനന്തപുരം: വിഷുക്കണിയും കൊന്നപ്പൂവും കൈ നീട്ടവുമായി മലയാളികള്‍ക്ക് ഇന്ന് വിഷു. പടക്കങ്ങളും പൂത്തിരിയും ഒന്നുമില്ലാതെ, ആഘോഷത്തിന്റെ ഉച്ചപ്പാടുകള്‍ ഇല്ലാതെയാണ് ഇത്തവണ മലയാളികളുടെ വിഷു ആഘോഷം. ഭക്തരില്ലാതെയാണ് ഗുരുവായൂരിൽ ഇന്ന് കണ്ണന് കണി.

മണിക്കൂറില്‍ ആയിരങ്ങള്‍ ഒഴുകി എത്തിയിരുന്ന ഗുരുവായൂര്‍ അമ്പലത്തിൽ ഇത്തവണ വിഷു ദര്‍ശനമില്ലാത്തത് ഭക്തര്‍ക്ക് മാനസിക സങ്കടം ഉണ്ടാക്കുന്നതാണ്.

സൂര്യന്‍ മീനംരാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന തുല്യരാപ്പകലുകളുള്ള ദിനം. കൊല്ലവര്‍ഷം വരും മുന്‍പ് മലയാളിക്കിത് കാര്‍ഷിക വര്‍ഷപ്പിറവിയുടെ ദിനമായിരുന്നു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിനമെന്ന ഐതിഹ്യവുമുണ്ട് വിഷുവിന്. കുടുംബത്തിലെ ഇളമുറക്കാര്‍ക്ക് മുതിര്‍ന്നവര്‍ നല്‍കുന്ന കൈനീട്ടവും സമ്ബത്തിന്റേയും സമൃദ്ധിയുടേയും കൈമാറലാണ്. പണ്ട് വിഷുക്കഞ്ഞിയായിരുന്നു പ്രധാന വിഷുവിഭവമെങ്കില്‍ പിന്നീടത് സദ്യവട്ടങ്ങളിലേക്ക് മാറി.

അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ്‌ ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഇന്ത്യ യിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്.

കോവിഡ് ആശങ്കയുടെ ഭാഗമായുള്ള ലോക്ഡൗൺ കാലത്ത് ആണ് ഇത്തവണ വിഷു. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പരിമിതമായ തോതിലാകും വിഷു ആഘോഷം. പടക്കവിപണിയും ഉണ്ടായില്ല. കണിവയ്ക്കാനും സദ്യയ്ക്കുമുള്ള വിഭവങ്ങൾ വാങ്ങാൻ ഇന്നലെ പട്ടണങ്ങളിൽ തിരക്കായിരുന്നു. വീട്ടിലുള്ള പരിമിതമായ സാധനങ്ങൾ ഉപയോഗിച്ച് വിഷു ഒരുക്കണമെന്ന് അധികൃതർ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Latest Articles