ദില്ലി : ഫോബ്സിന്റെ സമ്പന്ന പട്ടികയില്‍ ഇടംനേടി വിരാട് കോലി.പ്രശസ്ത ധനകാര്യ മാധ്യമസ്ഥാപനമായ ഫോബ്സിന്റെ സമ്പന്നതാരങ്ങളുടെ പട്ടികയിലാണ് കോലി ഇടംപിടിച്ചത്.
കഴിഞ്ഞ 12 മാസങ്ങളിലെ (2019 ജൂണ്‍ 2020 മേയ്) ഏറ്റവും സമ്പന്നരായ 100 കായിക താരങ്ങളുടെ പട്ടികയിലുള്ള ഒരേയൊരു ക്രിക്കറ്റ് താരമാണു കോലി. ടെന്നിസ് താരം റോജര്‍ ഫെഡററാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം 2.60 കോടി യുഎസ് ഡോളറാണ് (ഏകദേശം 196 കോടി രൂപ) കോലി സമ്പാദിച്ചത്.ഇതില്‍ 181 കോടിയും പരസ്യവരുമാനമാണ്. ബാക്കി പ്രതിഫലവും പാരിതോഷികങ്ങളും. 2019ലെ പട്ടികയില്‍ 2.50 കോടി ഡോളറുമായി 100ാം സ്ഥാനത്തായിരുന്നു കോലി. ഇത്തവണ 66ാം സ്ഥാനത്ത്.
അതേസമയം,പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ടെന്നിസ് താരം റോജര്‍ ഫെഡറര്‍ ഇത്തവണ ഒന്നാം സ്ഥാനത്തേക്കു കയറി. 10.63 കോടി ഡോളറാണ് (ഏകദേശം 802 കോടി രൂപ) കഴിഞ്ഞ 12 മാസങ്ങളില്‍ ഫെഡറര്‍ സമ്പാദിച്ചത്. റൊണാള്‍ഡോ രണ്ടാമത്; ഏകദേശം 793 കോടി രൂപ. ഫോബ്സ് പട്ടികയില്‍ ഒന്നാമതെത്തുന്ന ആദ്യ ടെന്നിസ് താരമാണു ഫെഡറര്‍. അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സി (785 കോടി), ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍ (721 കോടി) എന്നിവരാണു മൂന്നും നാലും സ്ഥാനങ്ങളില്‍.
അമേരിക്കന്‍ ധനകാര്യ മാധ്യമസ്ഥാപനമായ ഫോബ്സ് പുറത്തിറക്കുന്ന വാര്‍ഷിക പട്ടികകളില്‍ ഒന്നാണ് ‘ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങള്‍’ എന്നത്. പരസ്യവരുമാനം, മത്സരങ്ങളില്‍ നിന്നുള്ള പ്രതിഫലം, പാരിതോഷികം, ബോണസ് എന്നിവയെല്ലാമാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ കോവിഡ് വ്യാപനം മൂലം ഈ വര്‍ഷം മാര്‍ച്ച് മുതല്‍ മത്സരങ്ങള്‍ തടസ്സപ്പെട്ടതു താരങ്ങളുടെ വരുമാനത്തെയും ബാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പട്ടികയിലെ 100 കായികതാരങ്ങള്‍ സമ്പാദിച്ചത് ഏകദേശം 30,209 കോടി രൂപ ആയിരുന്നെങ്കില്‍ ഇത്തവണ അത് ഏകദേശം 27,188 കോടിയായി കുറഞ്ഞു.

