Thursday, May 9, 2024
spot_img

‘ബോയ്കോട്ട് ചൈന’; ചൈനീസ് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യോഗി സര്‍ക്കാര്‍

ലക്നൗ: രാജ്യത്ത് ‘ബോയ്കോട്ട് ചൈന’ ആഹ്വനം ശക്തമാകുന്നതിനിടെ വൈദ്യുതി വകുപ്പില്‍ ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. വൈദ്യുതി വകുപ്പ് ചൈന നിര്‍മിത മീറ്ററുകളടക്കമുള്ള ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ഗാല്‍വന്‍ വാലിയില്‍ ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഇന്ത്യ മുഴുവനും ‘ബോയ്‌കോട്ട് ചൈന’ ക്യാമ്ബയിന്‍ ആളിക്കത്തുകയാണ്.

ഈ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഓള്‍ ഇന്ത്യ പവര്‍ എഞ്ചിനീയേഴ്സ് ഫെഡറേഷന്റെ പ്രസിഡണ്ടായ ശൈലേന്ദ്ര ദൂബെ, യു.പി സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തു വന്നു. ചൈനീസ് നിര്‍മ്മിത ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ ഇനി മുതല്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്‌ട്രിക്കല്‍സ് ലിമിറ്റഡില്‍ നിന്നും പവര്‍ പ്ലാന്റുകളും ബോയിലറും അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മ നിര്‍ഭര്‍ ഭാരത്‌ പദ്ധതി പരിപോഷിപ്പിക്കാന്‍ ഈ തീരുമാനങ്ങള്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് വിരുദ്ധ തരംഗത്തില്‍ 5, 000 കോടിയുടെ 3 ചൈനീസ് പദ്ധതികള്‍ മഹാരാഷ്ട്ര സര്‍ക്കാരും കഴിഞ്ഞ ദിവസം നിര്‍ത്തി വെച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനോട് കൂടിയാലോചിച്ചാണ്‌ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് കമ്ബനികളുമായുള്ള ഒരു കരാറിലും ഇനി ഒപ്പ് വെക്കരുതെന്ന് മഹാരാഷ്ട്ര സംസ്ഥാനത്തിനോട് കേന്ദ്രം നിര്‍ദേശിക്കുകയും ചെയ്തതായി സംസ്ഥാന വ്യവസായ മന്ത്രിയായ സുഭാഷ് ദേശായ് അറിയിച്ചു.

മഹാരാഷ്ട്രയുടെ സമ്ബദ്ഘടന പൂര്‍വനിലയിലാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരുന്ന 12 പദ്ധതികളില്‍ മൂന്നെണ്ണം ചൈനീസ് കമ്ബനികളുമായി കൂടിച്ചേര്‍ന്നുള്ളതായിരുന്നു. ഈ കരാറുകളാണ് സംസ്ഥാനം വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തന്റെ പിന്തുണ അറിയിച്ചിരുന്നു.

Related Articles

Latest Articles