Saturday, April 27, 2024
spot_img

മാധ്യമപ്രവർത്തകരെ അവഹേളിച്ച്, അപമാനിച്ച് യു. പ്രതിഭ എംഎൽഎ

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കായംകുളം എംഎല്‍എ യു. പ്രതിഭ രംഗത്ത്. തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ടെന്നും അവരുടെ കാല്‍ കഴുകി വെള്ളം കുടിക്കാനുമാണ് എംഎല്‍എ യുടെ പരിഹാസം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും നല്ലത് എന്നാണ് ഫേസ്ബുക്കിലിട്ട വീഡിയോയിലൂടെ യു.പ്രതിഭ എംഎല്‍എയുടെ വിവാദ പരാമര്‍ശം.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു.പ്രതിഭ എംഎല്‍എ എന്നായിരുന്നു പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാക്കളുടെ വിമര്‍ശനം. കൊവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തിനെതിരെ യു. പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളില്‍ നിറഞ്ഞ തര്‍ക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രതിഭ മാദ്ധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത് .

എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ കേരളാ പത്രപ്രവര്‍ത്തക യൂണിയനും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും രംഗത്തെത്തി.

സ്വതന്ത്രമായും സത്യസന്ധമായും തൊഴിലെടുത്ത് ജീവിക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണ് യു.പ്രതിഭ നടത്തിയതെന്ന് കെയുഡബ്ലയുജെ സംസ്ഥാന പ്രസിഡന്റെ കെ.പി. റെജി. അപലപനീയമായ നിലപാടാണ് യു. പ്രതിഭ എംഎല്‍എ നടത്തിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും കെ.പി. റെജി ആവശ്യപ്പെട്ടു.

ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തക എന്ന നിലയിലും നിയമസഭാംഗം എന്ന നിലയിലും പ്രതിഭ തെറ്റ് തിരുത്തി കേരളത്തിലെ മാധ്യമ സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.

പൊതു പ്രവര്‍ത്തകര്‍ക്ക് കളങ്കമാകുന്ന പ്രതികരണമാണ് യു. പ്രതിഭ എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരിനാഥ് എംഎല്‍എ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച എംഎല്‍എ മാപ്പ് പറയണമെന്നും ശബരിനാഥന്‍ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ ഫേസ് ബുക്കിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയ യു.പ്രതിഭക്ക് സിപിഎമ്മിന്റെ താക്കീത്. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയിലും ഇടതുപക്ഷ ജനപ്രതിനിധിയെന്ന നിലയിലും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്തതാണ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു.

Related Articles

Latest Articles