Thursday, May 9, 2024
spot_img

ഉത്തരാഖണ്ഡിലെ കാട്ടുതീ പടരുന്നു; നൈനിറ്റാൾ നഗരം പുക കൊണ്ട് മൂടിയ അവസ്ഥ; സൈന്യത്തിന്റെ സഹായം തേടി സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കാട്ടുതീ പടരുന്നു. നൈനിറ്റാളിലേക്കും കാട്ടുതീ വ്യാപിച്ചതോടെ നഗരം പുക കൊണ്ട് മൂടിയ അവസ്ഥയിലാണ്. നൈനിറ്റാളിലെ ഹൈക്കോടതി കോളനിവരെ തീ പടർന്നതിനെ തുടർന്ന് കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ സർക്കാർ സൈന്യത്തിന്റെ സഹായം തേടി.

ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പ്രദേശമാകെ പുക പടർന്നതോടെ നൈനിറ്റാൾ തടാകത്തിലെ ബോട്ടിംഗും താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നൈനിറ്റാളിലെ ലാരിയകാന്ത വനമേഖലയിലും കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായിരുന്നു. ഒരു ഐടിഐ കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞദിവസം രുദ്രപ്രയാഗിൽ വനത്തിന് തീയിടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് പേർ അറസ്റ്റിലായിരുന്നു.

കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ സംസ്ഥാനത്ത് കാട്ടുതീയിൽ 33.34 ഹെക്ടർ വനഭൂമി കത്തി നശിച്ചെന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 31 ഇടങ്ങളിലാണ് പുതിയതായി കാട്ടുതീ ഉണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ബൽദിയാഖാൻ, ജിയോലിക്കോട്ട്, മംഗോളി, ഖുർപതൽ, ദേവിധുര, ഭാവാലി, പൈനസ്, ഭീംതാൽ, മുക്തേശ്വർ എന്നിവിടങ്ങളിൽ ഉൾപ്പെടെ നൈനിറ്റാളിന് ചുറ്റുമുള്ള നിരവധി ഗ്രാമങ്ങളിൽ കാട്ടുതീ നാശം വിതച്ചിട്ടുണ്ട്.

Related Articles

Latest Articles