Monday, May 27, 2024
spot_img

ലോകത്ത് കോവിഡ് വ്യാപനം വരുന്ന രണ്ട് വർഷത്തിനുള്ളിൽ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കോവിഡ് വ്യാപനം രണ്ട് വര്‍ഷത്തിനുള്ളിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യസംഘടന. രോഗ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ് അറിയിച്ചു . 1918 ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതാക്കാന്‍ സാധിച്ചു. സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ അത്രയും സമയം വേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങള്‍ കൂടുതലായതിനാല്‍ മുൻപത്തെ അപേക്ഷിച്ച്‌ രോഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഇപ്പോള്‍ കൂടുതലാണ്. അതേസമയം ഇത് തടയാനുള്ള സാങ്കേതികവിദ്യകളും, അറിവും നമുക്ക് ഉണ്ട്.’-അദ്ദേഹം വ്യക്തമാക്കി.ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പാനിഷ് ഫ്‌ളൂ ബാധിച്ച്‌ 50 ദശലക്ഷം ആളുകളാണ് മരിച്ചത്. ലോകത്ത് രണ്ടുകോടി മുപ്പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. എട്ട് ലക്ഷം പേര്‍ മരണമടഞ്ഞു.

അതിനിടെ പിപിഇ കിറ്റില്‍ അഴിമതി നടത്തുന്നത് കൊലപാതകത്തിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യപ്രവര്‍ത്തകര്‍ ജോലി ചെയ്യുകയാണെങ്കില്‍ അവരുടെ ജീവന്‍ അപകടത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles