Sunday, January 11, 2026

വിജയ്‌ക്കും സൂര്യക്കുമെതിരെ ആരോപണം ; നടി മീര മിഥുനിനെതിരെ കേസെടുത്തു

ചെന്നൈ: വിജയും,സൂര്യയും ഉള്‍പ്പടെയുള്ള തമിഴ് സിനിമാ താരങ്ങള്‍ക്കെതിരെ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ച നടിയും മോഡലുമായ മീര മിഥുനെതിരെ കേസ് . ചെന്നൈ പൊലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത് . നടൻ വിജയ്‌ക്കെതിരെ അപകീര്‍ത്തികരമായ പ്രചരണം നടത്തിയെന്ന താരത്തിന്റെ ആരാധകരുടെ പരാതിയിന്മേലാണ് നടപടി.

ചെന്നൈ, മധുര, കാഞ്ചീപുരം, കന്യാകുമാരി തുടങ്ങി തമിഴ്നാട്ടിലെ വിവിധ ജില്ലകളിലാണ് മീര മിഥുനിനെതിരെ വിജയ് ആരാധകർ പൊലീസിന് പരാതി നൽകിയിരിക്കുന്നത്. ശ്രദ്ധപിടിച്ചുപറ്റാന്‍ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മീര സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോകള്‍ സഹിതം നൽകിയാണ് പരാതി .

വിജയ് തന്‍റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സൂര്യക്ക് കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നുമായിരുന്നു മീര മിഥുന്‍റെ ആരോപണം.തമിഴ് സിനിമാ മേഖലയില്‍ സൂപ്പര്‍ താരങ്ങളുടെ സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്നും മീര ആരോപിച്ചു. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ നടൻ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്നും കേരളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി തമിഴിലെ നിരവധി താരങ്ങള്‍ക്ക് ബന്ധമുണ്ടെന്നുമാണ് മീരയുടെ ഒടുവിലത്തെ ആരോപണം.

മാത്രമല്ല, ആരാധകരെ ഉപയോഗിച്ച് വിജയ് തന്നെ മോശമായി ചിത്രീകരിക്കുന്നവെന്നും ആത്മഹത്യയുടെ വക്കിലാണെന്നും മീര പറഞ്ഞിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് മീര മിഥുനിനെതിരെ വിജയ് ആരാധകര്‍ പൊലീസില്‍ പരാതി നല്‍കിയത്.

Related Articles

Latest Articles