Friday, May 3, 2024
spot_img

വിശാഖപട്ടണം ദുരന്തം; പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടം എല്‍ജി പോളിമേര്‍സ് ഫാക്ടറിയില്‍നിന്ന് വിഷവാതകം ചോര്‍ന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയുമായി സംസാരിച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള എല്ലാവിധ സഹായവും പ്രധാനമന്ത്രി ഉറപ്പുനല്‍കി.

കേന്ദ്രആഭ്യന്തര മന്ത്രാലയം, ദേശീയ ദുരന്തനിവാരണഅതോറിറ്റി എന്നിവരുമായും പ്രധാനമന്ത്രി ചര്‍ച്ചനടത്തി. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി എന്‍ഡിഎംഎയുടെ അടിയന്തിരയോഗം വിളിച്ചുവെന്നും പിഎംഒ ട്വിറ്ററില്‍ കുറിച്ചു. വിശാഖപട്ടണത്തെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു.

വിശാഖപട്ടണത്തിലെ സംഭവം വേദനാജനകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പറഞ്ഞു. ദേശീയ ദുരന്തനിവാരണഅതോറിറ്റി ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട അധികാരികളുമായും വിഷയം ആരാഞ്ഞിട്ടുണ്ട്. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വിശാഖപട്ടണത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്നതായും അമിത് ഷാ അറിയിച്ചു.

വിശാഖപട്ടണത്തെ ആര്‍ആര്‍ വെങ്കട്പട്ടണം ഗ്രാമത്തിലെ എല്‍ജി പോളിമേഴ്സ് കമ്പനിയിലെ വാതക പൈപ്പാണ് ചോര്‍ന്നിരിക്കുന്നത്. ഇന്നുപുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. സ്റ്റെറീന്‍ വാതകമാണ് ചോര്‍ന്നതെന്നാണ് സൂചന. വിഷവാതക ചോര്‍ച്ചയില്‍ 8 പേര്‍ മരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ 20 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് ഉണ്ട്.

Related Articles

Latest Articles