Thursday, May 2, 2024
spot_img

സുഭാഷ് വാസുവിൻ്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

മാവേലിക്കര എസ്എന്‍ഡിപി യൂണിയനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് സുഭാഷ് വാസുവിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. കായംകുളം പള്ളിക്കലിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് രണ്ട് തന്നെ നോട്ടീസ് നല്‍കിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല. സുഭാഷ് വാസു ഉള്‍പ്പടെ ഏഴ് പ്രതികളുടെ വീട്ടിലാണ് റെയ്ഡ്.

മാവേലിക്കര എസ്എന്‍ഡിപി യൂണിയനില്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ്, ഒപ്പം കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ പരാതികളാണ് സുഭാഷ് വാസുവിനെതിരെ ഉള്ളത്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സുഭാഷ് വാസുവിനെ യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്.

എസ്എന്‍ഡിപി യൂണിയനില്‍ മൈക്രോ ഫിനാന്‍സ് ക്രമക്കേടില്‍ 12.5കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മാവേലിക്കര യൂണിയന്‍ അംഗമായിരുന്ന ദയകുമാറാണ് സുഭാഷ് വാസുവിനെതിരെ കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് സുഭാഷ് വാസുവിന്റെ കായകുളം പള്ളിക്കലിലെ വീട്ടിലില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം പരിശോധന നടത്തുന്നത്. ഈ കേസില്‍ സുഭാഷ് വാസു ഒന്നാം പ്രതിയും സുരേഷ് കുമാര്‍ എന്ന യൂണിയന്‍ അംഗം രണ്ടാം പ്രതിയുമാണ്. കേസില്‍ ഏഴ് പ്രതികളാണ് ഉള്ളത്.

എല്ലാ പ്രതികളുടെ വീട്ടിലും ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും സുഭാഷ് വാസു ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അറുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുന്നത്.

Related Articles

Latest Articles