തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം .ശിവ ശങ്കറിനെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് റിപ്പോർട്ട്. ശിവശങ്കറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യും എന്നാണ് റിപ്പോർട്ട്. സർക്കാർതല അന്വേഷണ റിപ്പോര്‍ട്ട് ഉടൻ കൈമാറാനാണ് ചീഫ് സെക്രട്ടറിക്ക് ലഭിച്ച നിര്‍ദ്ദേശം.
സി.പി.ഐ.എം നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
വലിയ രീതിയിലുള്ള വീഴ്ചകള്‍ ശിവശങ്കറില്‍ നിന്നും ഉണ്ടായെന്നാണ് ബിശ്വാസ് മേത്ത ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സമിതി കണ്ടെത്തിയതെന്നാണ് സൂചന. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്നും പദവി ദുരുപയോഗം ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട് ഇന്ന് തന്നെ കൈമാറും. അതേസമയം കേസിൽ കസ്റ്റംസ് അന്വേഷണവും എൻ ഐ എ അന്വേഷണവും പുരോഗമിച്ചിട്ടും ശിവശങ്കറിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിനെ വലിയ തോതിൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീണ്ടുപോകുന്നതുൾപ്പെടെയുള്ളവ സര്‍ക്കാരിനെ വലിയ രീതിയില്‍ അലട്ടിയിരുന്നു.
ഇന്നലെ ശിവശങ്കര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് സന്ദീപിന് ഫ്‌ളാറ്റില്‍ റൂം എടുത്തുനല്‍കിയതെന്ന് ഐ.ടി ഫെല്ലോ അരുണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ അരുണിനെ ഐ.ടി വകുപ്പില്‍ നിന്നും പുറത്താക്കി. എന്നിട്ടും ശിവശങ്കറിന് നൽകിയ സംരക്ഷണം വലിയ വിവാദമായിരുന്നു. സ്വപ്‌നയും സരിത്തും ശിവശങ്കറുമായി വിളിച്ച ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും സസ്‌പെന്‍ഷന്‍ നടപടി വൈകുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയരുകയാണ് .

