Friday, May 10, 2024
spot_img

സൗജന്യ റേഷൻ വിതരണം ഏപ്രിൽ 20മുതൽ…

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്19 ന്റെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ20 ന് ആരംഭിക്കും. എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള ഏപ്രിലിലെ സൗജന്യ റേഷന്‍ വിതരണമാണ് 20 ന് ആരംഭിക്കുന്നത്. പദ്ധതി പ്രകാരം ഒരു കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം അരി വീതമാണ് സൗജന്യമായി ലഭിക്കുന്നത്.

17 ഇനങ്ങളടങ്ങിയ പലവ്യഞ്ജന കിറ്റുകളുടെ രണ്ടാംഘട്ട വിതരണം ഏപ്രില്‍ 22 ന് ആരംഭിക്കും. മുന്‍ഗണനാ വിഭാഗത്തിലെ പിങ്ക് കാര്‍ഡുകളുടെ കിറ്റ് വിതരണമാണ് ഈ ഘട്ടത്തില്‍ നടക്കുക. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച എഎവൈ വിഭാഗത്തിനുള്ള സൗജന്യ അരിയുടെ വിതരണം ഏപ്രില്‍ 20, 21 തിയതികളില്‍ റേഷന്‍ കടകള്‍ വഴി നടക്കും.
തുടര്‍ന്ന് 22 മുതല്‍ പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള അരിയും അവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്യും. ഏപ്രില്‍ 30 വരെ സൗജന്യ അരി ലഭിക്കും.

റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ റേഷന്‍ കാര്‍ഡിന്റെ അവസാന നമ്പര്‍ പ്രകാരം വിതരണം ക്രമീകരിക്കും. റേഷന്‍ കാര്‍ഡിന്റെ അവസാനത്തെ അക്കങ്ങള്‍ യഥാക്രമം 1 – ഏപ്രില്‍ 22, 2-23, 3-24, 4-25, 5-26, 6-27, 7-28, 8-29, 9,0 നമ്പരുകള്‍ 30 എന്ന ക്രമത്തില്‍ വിതരണം ചെയ്യും. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ സ്വന്തം റേഷന്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത കടയില്‍ നിന്ന് കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപത്തെ റേഷന്‍ കടയില്‍ ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഏപ്രില്‍ 21ന് മുമ്പ് സമര്‍പ്പിക്കണം.

സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ വിതരണം ക്രമീകരിച്ചിട്ടുണ്ട്. ഒരു സമയം അഞ്ച് പേരെ മാത്രമേ റേഷന്‍ കടയുടെ മുന്നില്‍ നില്‍ക്കുന്നതിന് അനുവദിക്കൂ.

Related Articles

Latest Articles