Friday, April 26, 2024
spot_img

സർക്കാർ വകുപ്പുകളില്‍ നടത്തിയ എല്ലാ നിയമനങ്ങളുടേയും കണക്കെടുക്കും; നടപടി പിഎസ്‌സി നിയമനങ്ങളെക്കുറിച്ച് സർക്കാരിനെതിരെ ഗുരുതര ആരോപണം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍

തിരുവനന്തപുരം: ഇടതു സർക്കാർ അധികാരമേറ്റ ശേഷം നടത്തിയ ആശ്രിത നിയമനങ്ങളുടേയും കഴിഞ്ഞ ഒൻപത് വർഷത്തെ കരാർ, താത്കാലിക നിയമനങ്ങളുടേയുമാണ് കണക്കെടുക്കുന്നത്. ഇതിനായി എല്ലാ വകുപ്പുമേധാവികൾക്കും ധനകാര്യ പരിശോധനാ വിഭാഗം കത്ത് നൽകി. താത്കാലിക, കരാർ നിയമനങ്ങളെക്കുറിച്ച് വിവാദം ഉയർന്നതിന് പിന്നാലെയാണ് ഈ നടപടി.

പിഎസ്‌സി വഴിയുള്ള നിയമനങ്ങളെക്കുറിച്ച് സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിനംപ്രതി ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. താത്കാലിക, കരാർ, ദിവസവേതന നിയമനങ്ങളാണ് നടത്തുന്നതെന്നും ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്നുമായിരുന്നു ആരോപണങ്ങള്‍. ഇതിലൂടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് നിയമനം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നു. ഇതിപിന്നാലെയാണ് താത്കാലിക, ആശ്രിത നിയമനങ്ങളുടെ കണക്കെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

സർക്കാർ അധികാരമേറ്റ ശേഷം 2016 ജൂൺ ഒന്ന് മുതൽ 2020 ഓഗസ്റ്റ് 11 വരെ വിവിധ വകുപ്പുകളിൽ നടത്തിയ ആശ്രിത നിയമനങ്ങൾ അറിയിക്കാനാണ് ഓരോ വകുപ്പിനും നൽകിയിരിക്കുന്ന നിർദേശം. 2016 ജൂൺ ഒന്നിന് മുമ്പ് അപേക്ഷ നൽകിയവർ, ഇതിനുശേഷം അപേക്ഷ നൽകിയവർ, 2016 ജൂൺ ഒന്നിന് മുൻപ് നിയമനം ലഭിച്ചവർ, ഇതിനു ശേഷം നിയമനം ലഭിച്ചവർ എന്നിങ്ങനെ റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം 2011-12 സാമ്പത്തിക വർഷം മുതൽ ഇതുവരെ ഓരോ വകുപ്പിലും നടത്തിയ താത്കാലിക നിയമനങ്ങളുടെയും കണക്കും നൽകണം. കരാർ, ദിവസ വേതനം ഉൾപ്പെടെയുള്ളവരുടെ എണ്ണമാണ് നൽകേണ്ടത്. ഇതോടൊപ്പം ഓരോ വർഷവും നടത്തിയ നിയമനങ്ങൾ എത്രയെന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്.

Related Articles

Latest Articles