തിരുവനന്തപുരം : വരുന്ന ഓണക്കാലത്ത് സംസ്ഥാനത്ത് കാർഷിക ഉൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിനും വിപണിയിടപെടൽ ശക്തിപ്പെടുത്തുന്നതിനുമായി 20 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയതായി കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് . കർഷകർക്ക് അർഹമായ ന്യായവില ലഭ്യമാക്കുന്നതിനൊപ്പം പൊതുവിപണിയിലെ വിലയിടിവ് മൂലമുണ്ടാകുന്ന നഷ്ടം കുറയ്ക്കാനും, ഉപഭോക്താക്കൾക്ക് ന്യായമായ നിരക്കിൽ ഗുണമേന്മയുള്ള പച്ചക്കറികളും മറ്റ് കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും സംസ്ഥാന വ്യാപകമായി ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിനുമാണ് ഈ തുക വിനിയോഗിക്കുക.
പദ്ധതിയുടെ ഭാഗമായി വിവിധ ഏജൻസികൾക്ക് കൃഷിവകുപ്പ് തുക വിഭജിച്ച് നൽകിയിട്ടുണ്ട്. ഹോർട്ടികോർപ്പ് മുഖേന കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് 6.98 കോടി രൂപയും കേരാഫെഡ് വഴി പച്ചത്തേങ്ങ സംഭരിക്കുന്നതിന് രണ്ട് കോടി രൂപയും സംസ്ഥാനത്തുടനീളം ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിനായി 10.24 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ ‘കേരള ഫാം ഫ്രഷ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്’ പദ്ധതിയിൽ താങ്ങുവില ഇനത്തിൽ 75 ലക്ഷം രൂപയും, തേങ്ങ സംഭരണ സമിതിയുടെ പ്രവർത്തനച്ചെലവുകൾക്കായി 2.82 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വിനിയോഗിക്കാൻ സാധിക്കാതെ പോയ ഒരു കോടി രൂപ കൂടി ഇത്തവണ ഹോർട്ടികോർപ്പിന് മുൻകൂറായി അനുവദിച്ചിട്ടുണ്ട്.
പദ്ധതിയുടെ സമയബന്ധിതവും കാര്യക്ഷമവുമായ നിർവഹണം ഉറപ്പാക്കുന്നതിനായി നിർവഹണ ഏജൻസികൾ ത്രൈമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്. പദ്ധതികളുടെ നടത്തിപ്പ് കൃഷിവകുപ്പ് നേരിട്ട് നിരീക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പച്ചക്കറികൾക്കും മറ്റ് കാർഷിക ഉൽപ്പന്നങ്ങൾക്കും ഓണക്കാലത്ത് മികച്ച വിപണി ലഭിക്കുന്നതിനും ജനങ്ങൾക്ക് വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിനും ഈ പദ്ധതി വലിയൊരു കൈത്താങ്ങാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

