ഫാഷൻ തരംഗങ്ങളെ ആളുകളിലേക്ക് എത്തിക്കുന്ന മാഗസിനാണ് ലോകപ്രശസ്ത വോഗ് മാഗസിൻ. വോഗ് മാഗസിനിന്റെ ഏപ്രിൽ ലക്കത്തിന്റെ കവർ എല്ലാവരെയും ഞെട്ടിക്കുകയാണ്. അപ്പോ വാങ്-ഓഡ് എന്ന 106 വയസുകാരിയാണ് വോഗ് മാഗസിനിന്റെ കവർ പേജിൽ മോഡലായി എത്തിയിരിക്കുന്നത്. തദ്ദേശീയ ടാറ്റൂ ആർട്ടിസ്റ്റായ അപ്പോ വാങ്-ഓഡ് ഇതിലൂടെ ഏറ്റവും പ്രായമേറിയ വോഗ് കവർ മോഡലായിരിക്കുകയാണ്.
ബ്രിട്ടീഷ് വോഗിൽ തന്റെ 85-ാം വയസ്സിൽ, കവറിൽ ഇടം നേടിയ ഡാം ജൂഡി ഡെഞ്ചിനെയാണ് അപ്പോ വാങ്-ഓഡ് പിന്തള്ളിയിരിക്കുന്നത്. വടക്കൻ ഫിലിപ്പൈൻസിലെ കലിംഗ പ്രവിശ്യയിലെ ബുസ്കലാൻ എന്ന വിദൂര ഗ്രാമത്തിലാണ് അപ്പോ വാങ്-ഓഡ് ജീവിക്കുന്നത്. മുളയും സിട്രസ് മുള്ളും പോലെയുള്ള തടി കൊണ്ട് നിർമ്മിച്ച ചുറ്റികയും സൂചിയും ഉപയോഗിച്ച് ചർമ്മത്തിൽ കൈകൊണ്ട് മഷി തൊടുന്ന ഒരു തദ്ദേശീയ ഫിലിപ്പൈൻ പച്ചകുത്തൽ വിദഗ്‌ധയാണ് അപ്പോ വാങ്-ഓഡ്.

