Monday, April 29, 2024
spot_img

വെള്ളം കിട്ടാതെ 15 മണിക്കൂർ! തണ്ണീർ കൊമ്പന് സംഭവിച്ചത് എന്ത്? ആന തുടർച്ചയായി മണ്ണുവാരിയെറിഞ്ഞത് ആരോഗ്യപ്രശ്‌നത്തിന്റെ സൂചനയോ? ഞെട്ടൽമാറാതെ ആനപ്രേമികൾ

വയനാട്: മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീര്‍ എന്ന കാട്ടാനയുടെ മരണത്തിൽ ഞെട്ടൽമാറാതെ ആനപ്രേമികൾ. ആരോഗ്യവാനാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ച ആന പെട്ടെന്ന് എങ്ങനെയാണ് ചരിഞ്ഞത്?
ആനയുടെ മരണത്തിന്റെ യഥാർത്ഥ കാരണം ഉച്ചയോടെ അറിയാൻ കഴിയുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

സാധാരണയായി കാട്ടാനകൾ നാട്ടിലിറങ്ങിയാൽ വലിയ ആക്രമണങ്ങളാണ് നടത്തുക. എന്നാൽ ഇന്നലെ മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർ കൊമ്പൻ ശാന്തനായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാകാം ആന പ്രകോപനം ഉണ്ടാക്കാതെയിരുന്നത് എന്നാണ് വിലയിരുത്തൽ. ഇതിനിടെ മയക്കുവെടിയേറ്റത് ആനയുടെ ആരോഗ്യനില മോശമാക്കിയേക്കാം.

മാനന്തവാടിയിലെത്തിയ കൊമ്പൻ കഴിഞ്ഞ ദിവസം പുഴയിൽ ഇറങ്ങി വെള്ളം കുടിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം 15 മണിക്കൂർ ആന ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ല. ഇതിനിടെയാണ് രാത്രി മയക്കുവെടിയേറ്റത്. 15 മണിക്കൂറുകളോളം വെള്ളം കുടിയ്ക്കാതിരുന്ന ആനയ്ക്ക് നിർജ്ജലീകരണം ഉണ്ടായേക്കാം. മയക്കുവെടി കൊണ്ടാൽ കൂടുതൽ നിർജ്ജലീകരണം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. നിർജ്ജലീകരണം ഉണ്ടായാൽ ഇലക്ട്രൊലൈറ്റ് അളവ് കുറയും. ഇത് ഹൃദയാഘാതം ഉണ്ടാക്കും. പിടികൂടാനുള്ള ശ്രമത്തിനിടെ ആന തുടർച്ചയായി മണ്ണുവാരിയെറിഞ്ഞിരുന്നു. ഇത് ആരോഗ്യപ്രശ്‌നം ഉണ്ടെന്ന സൂചനയാണെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.

രാമപുര ക്യാമ്പിൽ എലിഫൻറ് ആംബുലൻസ് നിർത്തിയപ്പോൾ തന്നെ തണ്ണീർ കൊമ്പൻ കുഴഞ്ഞ് വീണുവെന്നാണ് വനംവകുപ്പ് അധികതർ പറയുന്നത്. പിന്നീട് ആന എഴുന്നേറ്റില്ല. പരിശോധനയിൽ ആന ചരിഞ്ഞതായി വ്യക്തമായി എന്ന് അധികൃതർ പറഞ്ഞു. ആനയുടെ ജഡം ഉച്ചയോടെ പോസ്റ്റ്‌മോർട്ടം നടത്തും.

Related Articles

Latest Articles