രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് കടത്തുകാർക്കെതിരെ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയിൽ ഏകദേശം 15,000 പേരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കയിലെ പോലീസ് അറിയിച്ചു. ഹെറോയിൻ ഉൾപ്പെടെ 440 കിലോഗ്രാം വിവിധതരം മയക്കുമരുന്നുകൾ പിടികൂടിയതായി അധികൃതർ അറിയിച്ചു.
കൊളംബോയിലെയും മറ്റ് സംസ്ഥാനങ്ങളിലേയും വീടുകളിൽ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. 2016 ഡിസംബറിൽ 800 കിലോ കൊക്കെയ്ൻ പോലീസ് പിടികൂടിയതാണ് ശ്രീലങ്കയുടെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട.
സെർച്ച് വാറൻഡ് ഇല്ലാതെ നടത്തിയ പരിശോധനയിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. മയക്കുമരുന്ന് പരിശോധിക്കാൻ എല്ലായ്‌പ്പോഴും വാറണ്ടുകൾ ആവശ്യമില്ലെന്നാണ് ശ്രീലങ്കൻ പോലീസ് വ്യക്തമാക്കിയത്.
ലഹരിവേട്ടയിൽ 13,666 പ്രതികളെ അറസ്റ്റ് ചെയ്തതായും 1,097 ലഹരിക്ക് അടിമകളായവരെ സൈന്യം നടത്തുന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. കുറ്റവാളികളെന്ന് കണ്ടെത്തിയവരുടെ വാഹനങ്ങളും സ്വത്തുക്കളും പിടിച്ചെടുത്തു.
ലഹരിക്കടത്തുകാർ ശ്രീലങ്കയെ ഒരു കേന്ദ്രമായി ഉപയോഗിക്കുന്നെന്നും രാജ്യത്തുകൂടി കടന്നുപോകുന്ന മയക്കുമരുന്ന് – ഹെറോയിൻ, ഹാഷിഷ്, കഞ്ചാവ് എന്നിവ ഉൾപ്പെടെ – ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുമാണ് സർക്കാർ പറയുന്നത്. ക്രിസ്മസിന് തിരച്ചിൽ താൽക്കാലികമായി നിർത്തിയിട്ടുണ്ടെന്നും എന്നാൽ, അടുത്തയാഴ്ച പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

