Wednesday, May 8, 2024
spot_img

രാജ്യത്തെ സ്നേഹിക്കാൻ അനുതപിക്കുന്ന ഹൃദയം വേണമെന്ന് നമ്മേ പഠിപ്പിച്ച സ്വാമി വിവേകാനന്ദൻ്റെ 161ാം ജനമദിനം: ഇന്ന് ദേശീയ യുവജനദിനം

പറന്നുയര്‍ന്നൂ ദിവ്യാമൃതവും
വഹിച്ചു ഗരുഢസമാനന്‍
വിവേകി ഭാരത മാതാവിന്‍
തൃപ്പതാകയും കൊണ്ടുയരേ..

തിരുവനന്തപുരം- രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദൻ്റെ 161ാം ജന്മദിന ആഘോഷത്തിലാണ് രാജ്യം. രാജ്യത്തെ യുവജനങ്ങളെ സ്വാധിനിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ ജന്മ ദിനം രാജ്യം ദേശീയ യുവജന ദിനമായാണ് ആചരിക്കുന്നത്. ഇന്ത്യന്‍ നവോത്ഥാനത്തിൻ്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായി പിന്നീട് അറിയപ്പെട്ട കൊല്‍ക്കത്തയുടെ, വടക്കേ അറ്റത്തുള്ള സിമൂലിയിലാണ് അദ്ദേഹം ജനിച്ചത്. ഉയര്‍ന്ന സാമ്പത്തിക ശേഷിയും പാരമ്പര്യവുമുള്ള കുടുംബം. നരേന്ദ്രനാഥ് എന്നാണ് വിവേകാനന്ദന്റെ യാഥാര്‍ത്ഥ പേര്. അറിവും പാണ്ഡിത്യവും ബഹുഭാഷാ ജ്ഞാനവും ആര്‍ജ്ജിച്ച മതേതരവാദിയായ വിശ്വനാഥനായിരുന്നു പിതാവ്.

സ്വാമി വിവേകാന്ദനെ രൂപപ്പെടുത്തിയ രാഷ്ട്രീയസാമൂഹിക പശ്ചാത്തലം പരിഗണിക്കാതെ അദ്ദേഹത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. കുട്ടിക്കാലത്ത് തന്നെ ധാരാളം വായിച്ചു. ശാസ്ത്രം, തര്‍ക്കശാസ്ത്രം, സംഗീതം, തത്വചിന്ത എന്നിവയില്‍ തല്‍പരനായിരുന്നു അദ്ദേഹം. ജാതിവിവേചനത്തിനെതിരെ ശബ്ദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ബ്രഹ്‌മസമാചമടക്കമുള്ള പ്രസ്ഥാനങ്ങളായിരുന്നു.

ശ്രീരാമകൃഷ്ണപരമഹംസനുമായുള്ള അടുപ്പം വിവേകാനന്ദന്റെ ജീവിതത്തില്‍ വഴിത്തിരിവായി. എല്ലാമതങ്ങളും ഒരേ വൃക്ഷത്തിന്റെ ശാഖകളാണെന്ന് ശ്രീരാമകൃഷ്ണപരമഹംസന്‍ വിശ്വസിച്ചു. ‘നരേന്ദ്രദത്ത’ എന്ന വ്യക്തിയില്‍നിന്ന് സ്വാമി വിവേകാന്ദനിലേക്കുള്ള പരിണാമം ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായതോടുകൂടിയാണ്.

അടിമത്തത്തിൻ്റെ ആഴങ്ങളിലേക്ക് നിപതിച്ചുപോയ രാഷ്ട്രനൗകയെ ആത്മവിശ്വാസത്തിൻ്റെ ആകാശപ്പൊക്കമുള്ള വാക്കുകളാല്‍ അദ്ദേഹം നയിച്ചു.
“ഈ കപ്പല്‍ മുങ്ങുമ്പോള്‍ ശപിക്കാനും സ്വയം പഴിക്കാനുമാണോ നിങ്ങളുടെ ഭാവമെന്ന്, യുവാക്കളുടെയും ചിന്തകരുടെയും കര്‍മ്മശേഷി ഇനിയും വറ്റാത്ത ഇന്നാടിന്റെ സര്‍വപൗരുഷത്തെയും വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.

ഈ കപ്പലിനേറ്റ ക്ഷതങ്ങള്‍ സ്വന്തം ഹൃദയരക്തം കൊണ്ട് സസന്തോഷം നമുക്ക് അടയ്ക്കാം…
നമ്മുടെ തലച്ചോര്‍ പറിച്ചെടുത്ത് ആ വിടവുകളില്‍ തിരുകാം. അല്ലാതെ അതിനെ ശപിക്കാതിരിക്കൂ.
ഈ നാട്ടില്‍ നിന്നെന്നെ ചവിട്ടി പുറത്താക്കുകയാണെങ്കില്‍ പോലും വീണ്ടും വീണ്ടും തിരികെ വന്നു ഞാന്‍ ഇത് തന്നെ പറയും.'”ആ വിവേക വാണികള്‍ കേട്ടാണ് വിശാലമായ ഭാരതം ഉയിര്‍ത്തത്.

അണുവണുതോറും രാഷ്ട്രപ്രേമം ജ്വലിച്ചുയര്‍ന്ന വാക്കുകള്‍ കൊണ്ട് അദ്ദേഹം നാടാകെ ബാധിച്ചിരുന്ന എല്ലാ അധമബോധങ്ങളെയും തട്ടിയെറിഞ്ഞു. ഭാരതത്തിന്റെ പ്രാണനെ തന്നിലേക്ക് ആവാഹിച്ചു. സംസ്‌കാരത്തിന്റെയും ധര്‍മ്മത്തിന്റെയും വിജയഘോഷം ലോകമെമ്പാടും മുഴക്കി. പാമ്പാട്ടികളുടെ നാടെന്ന് പുച്ഛിച്ചവരുടെ മുന്നില്‍ ഭാരതീയതയുടെ വിശ്വദൗത്യത്തെ ഉദ്‌ഘോഷിച്ചു. മറുപടികളില്‍ തരിമ്പും കരുണ കാട്ടിയില്ല. ആക്രമിക്കേണ്ടവരെ കടന്നാക്രമിച്ചു. നെഞ്ചോടുചേര്‍ക്കേണ്ടവരെ ചേര്‍ത്തുപിടിച്ചു.

രാജ്യത്തെ സ്‌നേഹിക്കാന്‍ അനുതപിക്കുന്ന ഒരു ഹൃദയമാണ് വേണ്ടതെന്ന് വിളിച്ചുപറഞ്ഞു. ‘നിങ്ങള്‍ അനുതപിക്കുന്നവരാണോ? ദേവതകളുടെയും ഋഷികളുടെയും അനന്തരഗാമികളായവര്‍ മൃഗങ്ങളെപ്പോലെ ജീവിക്കുന്നതില്‍ നിങ്ങള്‍ അനുതപിക്കുന്നുണ്ടോ? ദശലക്ഷങ്ങള്‍ യുഗങ്ങളായി പട്ടിണി കിടക്കുന്നതില്‍നിങ്ങള്‍ അനുതപിക്കുന്നുണ്ടോ ?
അറിവില്ലായ്മ ഒരു കാര്‍മേഘം പോലെ നാടാകെ പടര്‍ന്നതില്‍ നിങ്ങള്‍ അനുതപിക്കുന്നുണ്ടോ? നിങ്ങളുടെ ഉറക്കത്തെ അത് കെടുത്തുന്നുണ്ടോ? നിങ്ങളുടെ രക്തത്തില്‍ കലര്‍ന്ന് ധമനികളിലൂടെ ഒഴുകി ഹൃദയത്തുടിപ്പുകളോടൊത്ത് അത് താളം ചവിട്ടുന്നുണ്ടോ?

സ്വന്തം പേരും പെരുമയും വീട്ടുകാര്യങ്ങളും സ്വന്തം ശരീരം പോലും നിങ്ങള്‍ മറന്നു കഴിഞ്ഞുവോ? സ്വരാജ്യസ്‌നേഹിയാവാനുള്ള ഒന്നാമത്തെ, വെറും ഒന്നാമത്തെ ചുവടുവയ്പ്പാണിത്.
മുന്നോട്ടുള്ള ചുവടുവയ്പില്‍ ആരെയും കൂസാതിരിക്കാന്‍ അദ്ദേഹം ഉദ്‌ബോധിച്ചു.

ഇതാ ഇന്നത്തെ ഭാരതം സ്വാമി വിവേകാനന്ദനെ ഹൃദയത്തില്‍ സ്വീകരിക്കുന്നു. ആ വാക്കുകള്‍ ഇന്നത്തേത് പോലെ ഏറ്റുവാങ്ങുന്നു. ആയിരം ഇടിമിന്നലുകള്‍ ഒന്നിച്ചു പ്രഹരിച്ചാലെന്ന പോലെ ലോകമെമ്പാടുമുള്ള യുവത ഇത്ര കാലത്തെ അന്ധതയില്‍ നിന്ന് പിടഞ്ഞെഴുന്നേറ്റ് ഭാരതം ഭാരതം എന്ന് ആരവം മുഴക്കുന്നു.

Related Articles

Latest Articles