Friday, May 10, 2024
spot_img

“മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണ് !പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം!” – മുഖ്യന്റെ സാന്നിദ്ധ്യത്തിൽ എം ടി വാസുദേവന്‍ നായര്‍ വേദിയിൽ തുറന്നടിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കു വച്ച് നടൻ ജോയ് മാത്യു

കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവമായ കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന വേദിയിൽ പിണറായി വിജയൻറെ സാന്നിദ്ധ്യത്തിൽ എം ടി വാസുദേവന്‍ നായര്‍ വിമർശനാത്മകമായി പ്രസംഗിച്ചതിന് പിന്നാലെ സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് നടന്‍ ജോയ് മാത്യു. എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് പരാമർശിക്കുന്ന ജോയ്, മാത്യു പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജോയ് മാത്യു സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികള്‍ക്ക് മുന്‍പിന്‍ റാന്‍ മൂളിക്കിട്ടുന്ന പദവിയുടെ താല്‍ക്കാലിക തിളക്കങ്ങളിലല്ല, മറിച്ച് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്ക് നേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണ്. സത്യമായും മലയാളത്തില്‍ നട്ടെല്ലുള്ള ഒരു എഴുത്തുകാരന്‍ ഉണ്ടെങ്കില്‍ അത് എം.ടിയാണ്. (പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എം.ടി സാഹിത്യം വരേണ്യസാഹിത്യം!)

അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നുമാണ് പിണറായിയെ വേദിയിലിരുത്തി എം ടി തുറന്നടിച്ചത്. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകരാക്കുകയോ ചെയ്യാം. തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവുള്ള ഒരു മഹാരഥനും ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാധിപത്യമോ ആകാം. അധികാരമെന്നാല്‍ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ എന്നോ കുഴിവെട്ടിമൂടി. റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം. ഭരണാധികാരികള്‍ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം.

തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ല . നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന സങ്കല്‍പ്പത്തെ മാറ്റിയെടുക്കാന്‍ ഇഎംഎസ് എന്നും ശ്രമിച്ചു. നേതൃത്വ പൂജകളിലൊന്നും അദ്ദേഹത്തെ കാണാഞ്ഞതും അതുകൊണ്ടു തന്നെയാണ്” – എംടി പറഞ്ഞു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടന്‍ പിണറായി വേദി വിട്ടു

Related Articles

Latest Articles