പരിഷ്കരണത്തിന്റെയും, നടപ്പിലാക്കലിന്റെയും, ഗുണപരമായ മാറ്റത്തിന്റെയും അഞ്ചു വർഷങ്ങളാണ് കടന്നുപോയതെന്നും രാജ്യത്തെ ജനങ്ങൾ പതിനേഴാമത് ലോക്‌സഭയെ ആശീർവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ലോക്‌സഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനദിവസമായ ഇന്ന് നടന്ന അഭിസംബോധനയിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. സുപ്രധാനമായ തീരുമാനങ്ങളാണ് പാർലമെന്റ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് എടുത്തത്. രാജ്യനന്മയ്ക്കായി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചു.
ഭരണഘടനാ വകുപ്പ് 370 റദ്ദാക്കിയതും, മുത്തലാക്ക് നിരോധിച്ചതും, വനിതാ സംവരണ ബിൽ പാസാക്കിയതും അടക്കം രാജ്യം പതിറ്റാണ്ടുകളായി കാത്തിരുന്ന നിയമ നിർമ്മാണങ്ങളാണ് ഈ ലോക്‌സഭയുടെ കാലഘട്ടത്തിൽ നടന്നത്. രാമക്ഷേത്രത്തെ കുറിച്ചുള്ള സഭയുടെ പ്രമേയം ജനാധിപത്യത്തെയും ഭരണഘടനയെയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണസൗകര്യത്തിനായി ഉണ്ടാക്കപ്പെട്ട ദണ്ഡ സംഹിതയേക്കാൾ ന്യായ സംഹിത പിന്തുടരുന്ന രാജ്യമാണ് നമ്മുടേത് എന്ന് വരും തലമുറയ്ക്ക് അഭിമാനിക്കാം.
ശമ്പളത്തിന്റെയും മാറ്റാനുകൂല്യങ്ങളുടെയും ഒരു ഭാഗം ഉപേക്ഷിച്ച് രാജ്യത്തെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന നടപടി സ്വീകരിച്ച അംഗങ്ങളെ അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് കാലത്ത് പാർലമെന്റ് അംഗങ്ങളുടെ ശമ്പളത്തിലും മാറ്റാനുകൂല്യത്തിലും 30 ശതമാനം കുറവ് വരുത്തിയിരുന്നു. പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിൻറെ സംസ്കാരത്തിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു. 97 ശതമാനം ഉല്പാദനക്ഷമമായിരുന്നു പതിനേഴാമത് ലോക്‌സഭ. പതിനെട്ടാം ലോക്‌സഭ നൂറു ശതമാനം ഉൽപാദനക്ഷമമായിരിക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശപ്രകടിപ്പിച്ചു. സുപ്രധാന നിയമനിർമ്മാണങ്ങൾ എടുത്തുപറഞ്ഞെങ്കിലും പ്രതിപക്ഷത്തെ അദ്ദേഹം ഇന്നത്തെ പ്രസംഗത്തിൽ നേരിട്ട് ആക്രമിച്ചില്ല. രാഷ്ട്രീയ വിത്യാസമില്ലാതെ എല്ലാവർക്കും നന്ദി പറഞ്ഞ അദ്ദേഹം സ്‌പീക്കർ ഓം ബിർളയെയും പ്രശംസിച്ചു. തുടർന്ന് ഇരു സഭകളും അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു.

