Monday, May 6, 2024
spot_img

എണ്‍പതോളം പേരെ ഉള്‍കൊള്ളാന്‍ കഴിയുന്നിടത് 200 പേർ! തിങ്ങി നിറഞ്ഞ് ആലപ്പുഴ ജില്ലയിലെ ജയിലുകള്‍

ആലപ്പുഴ:തടവുകാരാൽ തിങ്ങി നിറഞ്ഞ് ആലപ്പുഴ ജില്ലയിലെ ജയിലുകള്‍.ജില്ലയില്‍ ആകെയുള്ള ആലപ്പുഴ, മാവേലിക്കര ജയിലുകളിലാണ് തടവുകാര്‍ നിലവില്‍ കഴിയുന്നത്. 84 പേരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ആലപ്പുഴ ജില്ല ജയിലില്‍ ഇരുന്നൂറ് പേരും 86 പേരെ പാര്‍പ്പിക്കാവുന്ന മാവേലിക്കര ജയിലില്‍ ഇപ്പോള്‍ 196 തടവുകാരും ആണ് ഉള്ളത്.

ചൂട് കടുത്തതോടെ തിങ്ങി കിടക്കുന്നത് തടവുകാര്‍ക്ക് മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ആലപ്പുഴ ജില്ലാ ജയില്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുതിയ കെട്ടിടത്തിലേക്ക് മാറിയെങ്കിലും മുറിക്കുള്ളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല.വിഷയത്തില്‍ ജയില്‍ അധികൃതര്‍ കാണിക്കുന്നത് കടുത്ത അനാസ്ഥയാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജയിലുകളില്‍ തിങ്ങിനിറഞ്ഞ് കഴിയേണ്ടിവരുന്നത് വളരെ ദുസ്ഥിതിയാണെന്നും മനുഷ്യാവകാശ പ്രശ്‌നമാണെന്നും ജയില്‍ അധികൃതരും പറയുന്നു. ജയിലിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. ഇങ്ങനെ ആളുകള്‍ തിങ്ങി താമസിക്കുന്നത് മൂലം പുതിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം ജില്ലാ ജയില്‍ സന്ദര്‍ശിച്ച ജില്ലാ സെഷന്‍സ് ജഡ്ജ് ജോബിന്‍ സെബാസ്റ്റ്യനാണ് ജില്ലയിലെ ഓവര്‍ ലോക്കപ്പ് ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിജിപ്പിക്ക് കൈമാറാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles