Monday, May 6, 2024
spot_img

കണ്ണന്റെ സവിധത്തിൽ കല്യാണപ്പൂരം; രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കി; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കല്യാണത്തിരക്ക്. ദേവസ്വത്തിന്‍റെ കണക്ക് പ്രകാരം 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രി വരെയുള്ള ബുക്കിംഗ് ആണിത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടക്കുക.

മൂന്നു കല്യാണ മണ്ഡപങ്ങളാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലുള്ളത്. തിരക്ക് കൂടിയതിനാല്‍ ഇതിന് പുറമെ രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ മണ്ഡപങ്ങളിലും ഒരേ സമയം വിവാഹം നടത്താന്‍ കാര്‍മികരായി കോയ്മക്കാരെ നിയോഗിച്ചു. വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസിലും പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

2017ല്‍ ആണ് ഗുരുവായൂരില്‍ റെക്കോര്‍ഡ് കല്യാണങ്ങള്‍ നടന്നത്. 2017 ഓഗസ്റ്റ് 27ന് 277 കല്യാണങ്ങളാണ് രജിസ്ട്രര്‍ ചെയ്തത്. ഈ റേക്കോര്‍ഡ് എന്തായാലും ഇത്തവണ മറികടന്നിട്ടില്ല. ചിങ്ങമാസത്തില്‍ ഏറ്റവും കൂടുതല്‍ മുഹൂര്‍ത്തങ്ങളുള്ള ദിവസമായതുകൊണ്ടും അവധി ദിവസം ആയതുകൊണ്ടുമാണ് ഇന്ന് ഇത്രയേറെ വിവാഹങ്ങള്‍ ഒരുമിച്ച് നടക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ അവസാനിക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കല്യാണ തിരക്ക് പ്രമാണിച്ച് ഗുരുവായൂര്‍ നഗരത്തിലും പൊലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Related Articles

Latest Articles