Thursday, May 9, 2024
spot_img

‘സ്വർണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാൻ 30 കോടി വാഗ്ദാനം’: ലൈവിൽ ആരോപണവുമായി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനായി തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്.മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി സ്വപ്‌ന പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറ‌ഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. ബെംഗളൂരു വിട്ട് ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ താൻ പോകണമെന്നായിരുന്നു അവരുടെ ആവശ്യം. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള എല്ലാ തെളിവുകളും നശിപ്പിക്കണം. താൻ കള്ളം പറഞ്ഞെന്ന് പൊതു സമൂഹത്തോട് പറയണം. തെളിവുകളെല്ലാം കൈമാറണം. കള്ളപാസ്പോർട്ട് ഉണ്ടാക്കി തന്ന് മലേഷ്യയിലേക്ക് മാറാൻ എല്ലാ സഹായവും ചെയ്യാമെന്ന് പറഞ്ഞെന്നും സ്വപ്‌ന പറ‌ഞ്ഞു.

ഗോവിന്ദൻ മാസ്റ്റർ എന്നെ തീർത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിജയ് പിള്ള തന്നോട് പറഞ്ഞത്. യുഎഇയിൽ വെച്ച് യൂസഫലിയെ ഉപയോഗിച്ച് എനിക്കെതിരെ ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് എന്നെ കുടുക്കുമെന്നും വിജയ് പിള്ള ഭീഷണിപ്പെടുത്തി. ബാഗിലടക്കം നോട്ടോ മയക്കുമരുന്നോ വച്ച് എന്നെ അകത്താക്കാൻ യൂസഫലിക്ക് എളുപ്പമെന്നും അയാൾ പറഞ്ഞു. ഒത്തുതീര്‍പ്പിന് വഴങ്ങുമെന്ന് പിണറായി വിജയൻ കരുതരുത്. എന്തു വന്നാലും പിണറായി വിജയനെതിരായ സത്യങ്ങൾ പുറത്ത് കൊണ്ടുവരുമെന്നും സ്വപ്‌ന പറഞ്ഞു.

Related Articles

Latest Articles