രാജ്യത്തെ ഞെട്ടിച്ച പുൽവാമ ആക്രമണത്തിന്റെ നാലാം വാർഷികമാണിന്ന്. 40 ധീര സൈനികരുടെ വീരമൃത്യു രാജ്യത്തിന്റെ മനസ്സിൽ ഇന്നും ചോര കിനിയുന്ന മുറിവാണ്. ജമ്മു ശ്രീനഗർ ദേശീയ പാതയിൽ 2019 ഫെബ്രുവരി 14 നാണ് ആ ഭീകരാക്രമണമുണ്ടായത്. 78 വാഹനങ്ങളിലായി 2547 ബി എസ് എഫ് ജവാന്മാർ യാത്രചെയ്യുമ്പോൾ ജെയ്‌ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ദർ സ്‌ഫോടക വസ്തുക്കൾ നിറച്ച കാർ വൈകുന്നേരം 03.35 ഓടെ സൈനിക വാഹന വ്യൂഹത്തിലെ അഞ്ചാം നമ്പർ വാഹനത്തിൽ ഇടിച്ചു കയറ്റുകയായിരുന്നു. 200 കിലോ ഭാരമുള്ള IED ബോംബുകളാണ് സ്ഫോടനത്തിനുപയോഗിച്ചത്. തൽക്ഷണം തകർന്നുപോയ സൈനിക വാഹനത്തിലുണ്ടായിരുന്ന വയനാട് സ്വദേശി വി വി വസന്തകുമാർ അടക്കം 40 സൈനികരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ വീരമൃത്യു വെറുതെയാവില്ല എന്ന് പ്രധാനമന്ത്രി ആ ദിവസം തന്നെ പ്രഖ്യാപിച്ചു. ആക്രമണം നടന്ന ദിവസം രാത്രി തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആക്രമണത്തിന് പിന്നിലെ പാക് ബന്ധം പുറത്തുവിട്ടു. പിറ്റേദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തലയോഗം പാകിസ്ഥാനു നൽകേണ്ട മറുപടിയുടെ അന്തിമ രൂപം തയ്യാറാക്കി. വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹ പേടകം തോളിൽ ചുമന്നുകൊണ്ട് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സൈനികരോടുള്ള രാജ്യത്തിന്റെ സ്നേഹവും ആദരവും പ്രഖ്യാപിച്ചു.
പുൽവാമ ആക്രമണത്തിന്റെ പന്ത്രണ്ടാം ദിനത്തിൽ പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ പാകിസ്ഥാനെ ലക്ഷ്യമാക്കി പറന്നുയർന്നു. പുൽവാമയിൽ സാഹസം കാട്ടിയ ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ പാക് അധീന കശ്മീരിലെ ആസ്ഥാനവും കണ്ട്രോൾ റൂമും പരിശീലനകേന്ദ്രങ്ങളുമെല്ലാം ഇന്ത്യൻ വ്യോമസേന ചുട്ടുകരിച്ചു. നൂറുകണക്കിന് ഭീകരരെ ഇല്ലാതാക്കി. 1000 കിലോഗ്രാം ലേസർ ബോംബുകൾ വർഷിച്ച് പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യ സംഹാര താണ്ഡവമാടി. മുസഫറാബാദിലെയും, ബലാക്കോട്ടിലെയും, ചക്കോട്ടിയിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ വ്യോമസേന ഇല്ലാതാക്കി. പാക് അധീന കശ്മീരും കടന്ന് പാകിസ്ഥാനിലേക്ക് തന്നെ മിറാഷ് വിമാനങ്ങൾ കുതിച്ചെത്തി. ഇന്ത്യ വ്യോമാതിർത്തി ലംഘിച്ച കാര്യം പാക് അധികൃതർ തന്നെ സ്ഥിരീകരിച്ചു. പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ തകർത്തതായി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രബന്ധങ്ങൾ കാരണം അമേരിക്കയും ബ്രിട്ടനുമടക്കം ലോകരാജ്യങ്ങൾ ഈ ഓപ്പറേഷനിൽ ഇന്ത്യക്കൊപ്പം നിന്നു. ഇന്ത്യയുടെ നടപടിക്ക് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പാകിസ്ഥാൻ പറഞ്ഞെങ്കിലും പാകിസ്ഥാന് ഒരു തിരിച്ചടിയെ കുറിച്ച് ചിന്തിക്കാൻ പോലുമുള്ള ശക്തി അന്ന് ബാക്കിയുണ്ടായിരുന്നില്ല.
പുൽവാമയിൽ കാട്ടിയ സാഹസത്തിന് പാകിസ്ഥാന് ഇന്ത്യ കൊടുത്ത മറുപടി ബാലാക്കോട്ടിൽ ഒതുങ്ങിയില്ല. അന്താരാഷ്ട്ര സമൂഹത്തിൽ പാകിസ്ഥാനെ ഇന്ത്യ ഒരു ദയയുമില്ലാതെ ഒറ്റപ്പെടുത്തി. അന്താരാഷ്‌ട്ര സഹായങ്ങൾ ഏതാണ്ട് മുഴുവനായും റദ്ദായി. പാകിസ്ഥാന്റെ ആയുധ കരാറുകൾ ഒന്നൊന്നായി പരാജയപ്പെട്ടു. നിരവധി ഭീകരരെ വകവരുത്തി. അന്താരാഷ്‌ട്ര ഭീകരരായി പ്രഖ്യാപിച്ചു. ഭീകരർക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ തകർത്തു. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമായി. വിദേശ വായ്‌പകൾ പോലും നിഷേധിക്കപ്പെട്ടു. നിനച്ചിരിക്കാതെയുണ്ടായ പ്രകൃതി ദുരന്തം കൂടിയായപ്പോൾ ഇന്ന് പാകിസ്ഥാൻ ലോകത്തിനു മുന്നിൽ സഹായത്തിനായി യാചിക്കുന്ന ഒരു രാജ്യമായി മാറി.

