Tuesday, May 21, 2024
spot_img

മലയാളത്തിന്റെ ആക്ഷൻ കിങ് സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാൾ ദിനം; നിസ്വാർത്ഥ ജനസേവകന് ആശംസകൾ നേർന്ന് സാംസ്കാരിക കേരളം

മലയാള സിനിമയിലെ ഗർജ്ജിക്കുന്ന സിംഹത്തിന് ഇന്ന് പിറന്നാൾ ദിനം. ഈ പിറന്നാൾ ദിനത്തിൽ നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയെ പോസ്റ്ററില്‍ കാണാം. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. അതേ സമയം, ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

1958 ജൂൺ 26 ന് കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപി ജനിച്ചത്. 1965 ൽ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. മമ്മൂട്ടി ചിത്രം ‘പൂവിനു പുതിയൊരു പൂന്തെന്നലിലും’ സുരേഷ് ഗോപി വില്ലൻ വേഷം അവതരിപ്പിച്ചു. 1994 ൽ പുറത്തിറങ്ങിയ ‘കമ്മീഷണർ’ സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റി മറിച്ചു. പോലീസ് എന്നതിന് സമം ഇട്ട് അപ്പുറത്ത് സുരേഷ് ഗോപി എന്നെഴുതി മലയാളി.

ക്ഷുഭിതനായ പോലീസുകാരന്‍ മാത്രമായിരുന്നില്ല സുരേഷ് ഗോപി ചെയ്ത് മനോഹരമാക്കിയ വേഷങ്ങള്‍. ഹീറോയിസമോ മാസ് മാനറിസങ്ങളോ ഇല്ലാത്ത കഥാപാത്രങ്ങളും ആ കെെകളില്‍ ഭദ്രമായിരുന്നു. വില്ലനായി കരിയര്‍ തുടങ്ങിയ സുരേഷ് ഗോപി മലയാളത്തിന് പുറമെ, പ്രത്യേകിച്ച് തെലുങ്കില്‍, വലിയ സ്വാധീനമുള്ള അപൂര്‍വ്വം മലയാള താരമായിരുന്നു. 90കളില്‍ സുരേഷ് ഗോപിയുടെ മൊഴിമാറ്റ ചിത്രത്തിനായി തെലുങ്കിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ പോലും റിലീസ് മാറ്റി വച്ച സംഭവങ്ങളുണ്ട്. അത്രമേലായിരുന്നു അദ്ദേഹത്തിന്റെ താരപ്രൗഢി.

തലസ്ഥാനം, 1921, ഏകലവ്യൻ, മണിച്ചിത്രത്താഴ്, കാശ്‌മീരം, യുവതുർക്കി, ലേലം, ഗുരു, വാഴുന്നോർ, സമ്മർ ഇൻ ബത്‌ലഹേം, രക്തസാക്ഷികൾ സിന്ദാബാദ്, എഫ്ഐആർ, ക്രെെം ഫയൽ, സത്യമേവ ജയതേ, തെങ്കാശിപ്പട്ടണം, ഭരത്ചന്ദ്രൻ ഐപിഎസ്, ദി ടെെഗർ, ചിന്താമണി കൊലക്കേസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളിൽ നായകനായി. 1997 ൽ ‘കളിയാട്ടം’ എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടനുള്ള ദേശീയ പുരസ്കാരവും സുരേഷ് ഗോപിയെ തേടിയെത്തി.

അതേസമയം സുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്‍റെ മനസ്സിലെ നന്മകളെപ്പറ്റി പറയാതിരിക്കാൻ പറ്റില്ല. ആ മനുഷ്യസ്നേഹിയുടെ സ്നേഹലാളനകൾ ജീവിതയാതനകളുടെ ചരിത്രമുള്ളവർ പലരും തൊട്ടറിഞ്ഞിട്ടുള്ളതാണ്. സ്വന്തം പോക്കറ്റിൽ സ്പർശിക്കാത്ത ഉപദേശികളും വിമർശകരുമുള്ള ചലച്ചിത്ര രംഗത്ത്, വേറിട്ട് നിലക്കുന്ന വ്യക്തിത്വമാണ് സുരേഷ് ഗോപി എന്ന കരളലിവുള്ളവൻ എപ്പോഴും കാഴ്ചവെച്ചിട്ടുള്ളത്.

അകാലത്തിൽ പൊലിഞ്ഞ പൊന്നുമകൾ ലഷ്മിയുടെ പേരിലുള്ള ലഷ്മി ഫൗണ്ടേഷന്‍റെ സാന്ത്വനം, നിരവധി നിർദ്ധന കുഞ്ഞുങ്ങൾക്ക് ഇന്നും ഒരു കൈത്താങ്ങാണ്. എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വച്ച് നല്‍കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി. എൻഡോസള്‍ഫാൻ ദുരിതത്തിലാഴ്ത്തിയവർക്ക് തല ചായ്ക്കാൻ 9 പാർപ്പിടങ്ങളാണ് സുരേഷ് ഗോപി നിർമ്മിച്ച് നല്‍കിയത്. പൊതുസമൂഹം അന്യവൽക്കരിച്ച മണ്ണിന്‍റെ മക്കളായ ആദിവാസികൾക്ക് സഹായവുമായി എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്. അട്ടപ്പാടിയിലെയും കോതമംഗലത്തിനടുത്ത് ചൊങ്ങിൻചുവടിലെയും ആദിവാസി ഊരുകളിൽ ഈ പ്രേംനസീർ ആരാധകൻ നിർമ്മിച്ചു നല്‍കിയത് നിരവധി ടോയ്‍ലറ്റുകളാണ്. എല്ലാം സ്വന്തം അദ്ധ്വാനത്തിന്‍റെ ഫലത്തിൽ നിന്നുമാണന്ന് ഓർക്കണം. മാവേലിക്കരയിലൂടെ യാത്ര ചെയ്യുമ്പോൾ യാദൃശ്ചികമായി കണ്ടുമുട്ടിയ കാൽ നഷ്ടപ്പെട്ട മനുഷ്യന് ഒരുലക്ഷം രൂപയോളം മുടക്കിയാണ് ആധുനിക കൃത്രിമക്കാൽ വാങ്ങി നല്‍കിയത്. മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം. ജനനേതാവാകും മുൻപേ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു തുടങ്ങിയ വ്യക്തിയാണ് സുരേഷ് ഗോപി എന്ന ഈ മഹാനടൻ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles