അഹമ്മദാബാദ്: ഫെബ്രുവരി 16-ന് ഗുജറാത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 68 ൽ 65 നഗരസഭകളിലും വെന്നിക്കൊടി പായിച്ച് ബിജെപി. 68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. 59 നഗരസഭകളില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്. മറ്റു ഏഴ് നഗരസഭകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പാര്‍ട്ടി ഭരണംപിടിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ പറഞ്ഞു. ഒരു നഗരസഭയില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭൂരിപക്ഷമുള്ളത്.
ഗുജറാത്തില്‍ ബിജെപിയുടെ മിന്നും വിജയത്തില്‍ പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
‘ബി.ജെ.പിയുമായുള്ള ഗുജറാത്തിന്റെ ബന്ധം അഭേദ്യമാണെന്ന് മാത്രമല്ല, അനുദിനം ദൃഢമാവുകയും ചെയ്യുന്നു. സംസ്ഥാനത്തുടനീളം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച് അനുഗ്രഹിച്ചതിന് ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. വികസന രാഷ്ട്രീയത്തിന്റെ മറ്റൊരു വിജയമാണിത്. ഗുജറാത്തിലെ ജനങ്ങള്‍ ഞങ്ങളില്‍ വീണ്ടും വീണ്ടും വിശ്വാസമര്‍പ്പിക്കുന്നതും അനുഗ്രഹിക്കുന്നതും ഞങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ഊര്‍ജം നല്‍കുന്നു’ പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിച്ചു.

