Sunday, May 26, 2024
spot_img

മാവോയിസ്റ്റ് ആക്രമണങ്ങൾക്കിടെ ഛത്തീസ്ഗഢിൽ ആദ്യഘട്ട വോട്ടെടുപ്പിൽ 71.11% പോളിങ്; സുക്മ ജില്ലയില്‍ ഐഇഡി. സ്‌ഫോടനത്തിൽ സൈനികന് പരിക്ക് ; മിസോറമിൽ 77.61% പോളിങ്

ഐസ്വാള്‍ : ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി.ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിൽ ആദ്യഘട്ടമായ ഇന്ന് 71.11 ശതമാനവും മിസോറമില്‍ 77.61 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുഴുവന്‍ പോളിങ് സ്‌റ്റേഷനിലെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വോട്ടുശതമാനം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

മിസോറമിൽ സമാധാനപരമായിരുന്നു വോട്ടെടുപ്പ് നടന്നതെങ്കിലും ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത് കനത്ത മാവോയിസ്റ്റ് ഭീഷണിക്കിടെയാണ്. പോളിങ്ങിനിടെ സുക്മ ജില്ലയില്‍ ഐഇഡി. സ്‌ഫോടനവും കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.

സ്‌ഫോടനത്തില്‍ സിആര്‍പിഎഫിന്റെ കോബ്രാ യൂണിറ്റിലെ സൈനികന് പരിക്കേറ്റു. കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ നിഗമനം. 20 മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങാണ് ആദ്യഘട്ടത്തിൽ ഛത്തീസ്ഗഢില്‍ നടന്നത്. നവംബര്‍ 17-നാണ് ഛത്തീസ്ഗഢിലെ രണ്ടാംഘട്ട വോട്ടെടുപ്പ്. മിസോറമില്‍ പോളിങ് പൂര്‍ത്തിയായി. വോട്ടെണ്ണൽ ഡിസംബര്‍ മൂന്നിന് നടക്കും.

Related Articles

Latest Articles