ഖാർതൂം:ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ വെടിനിർത്തൽ 72 മണിക്കൂർ കൂടി നീട്ടാൻ തീരുമാനിച്ചു. സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. സൈന്യവുമായി ഏറ്റുമുട്ടുന്ന അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും വെടിനിർത്തൽ അംഗീകരിച്ചിട്ടുണ്ട്.ഐക്യരാഷ്ട്രസഭയുടേയും മറ്റ് ലോകരാജ്യങ്ങളുടേയും അഭ്യർത്ഥന പരിഗണിച്ചാണ് നേരത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്നും വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്തുന്ന ദൗത്യം പുരോഗമിക്കുകയാണ്.
അതേസമയം ഇന്ത്യയും തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള രക്ഷാദൗത്യം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ കാവേരി എന്ന പേരിലാണ് ഇന്ത്യൻ രക്ഷാദൗത്യം. സുഡാനിൽ നിന്നും ജിദ്ദ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക. ഇതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് ജിദ്ദയിലെത്തി. ഇന്ത്യക്കാരെ ഡുഡാനിൽ നിന്നും ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ ‘കാവേരിക്ക്’ വി മുരളീധരൻ നേതൃത്വം നൽകും.കൊച്ചിയിൽ ഇന്നലെ സംഘടിപ്പിച്ച യുവം വേദിയിൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് യാത്ര.500 ഓളം ഇന്ത്യാക്കാർ പോർട്ട് സുഡാനിൽ എത്തിയതായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു.

