Thursday, October 15, 2026

‘പാര്‍ട്ടിയില്‍ പ്രസിഡന്റ് ഇല്ല, തീരുമാനങ്ങളെടുക്കുന്നത് ആരെന്ന് ആര്‍ക്കും അറിയില്ല’: കോൺ​ഗ്രസ് ഉന്നത നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കബില്‍ സിബല്‍

ദില്ലി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ രംഗത്ത് . ‘ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് അറിയില്ല. പ്രസിഡന്റ് ഇല്ലാതെ പാര്‍ട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും’ സിബല്‍ പറഞ്ഞു.

പഞ്ചാബ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ രൂക്ഷമായ വിമർശനം.

‘ആളുകള്‍ വിട്ടുപോകുന്നത് നാം പരിശോധിക്കേണ്ടതുണ്ട്. അടിയന്തരമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ക്കണം. അങ്ങനെയെങ്കില്‍ ചുരുങ്ങിയത് ഒരു ചര്‍ച്ചയെങ്കിലും നടക്കും. ഞങ്ങള്‍ പാര്‍ട്ടിയുടെ തത്വസംഹിത ഉപേക്ഷിക്കുകയോ മറ്റെവിടേക്കെങ്കിലും പോവുകയോ ഇല്ല ‘- സിബല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ പഞ്ചാബിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ പാർട്ടി നേതൃത്വത്തെ ചോദ്യം ചെയ്ത കപിൽ സിബലിനെതിരെ ‘ഗെറ്റ് വെൽ സൂൺ’ പോസ്റ്ററുകളുമായി കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചു

അതേസമയം പാർട്ടിയിൽ നിന്ന് തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ജി 23ല്‍ ഉള്‍പ്പെട്ട മറ്റൊരു നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം സോണിയാ ഗാന്ധിക്ക് കത്തുനല്‍കിയിരുന്നു.

Related Articles

Latest Articles