Tuesday, April 30, 2024
spot_img

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സ്റ്റേജ് കലാകാരന്മാരെ നിർദ്ദയം അവഗണിക്കുന്ന സർക്കാരിനെതിരെ രൂക്ഷ വിമർശനം; ചർച്ചയായി സൂര്യ കൃഷ്ണമൂർത്തിയുടെ ഫേസ്ബുക് കുറിപ്പ്

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സ്റ്റേജ് കലാകാരന്മാരെ നിർദ്ദയം അവഗണിക്കുന്ന സർക്കാർ നയത്തെ നിശിതമായി വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സൂര്യ കൃഷ്ണമൂർത്തി. ആയിരം ഇരിപ്പിടങ്ങളുള്ള തീയറ്ററുകൾക്ക് 500 പേരെ ഇരുത്തി പ്രദർശനം നടത്താം. തലസ്ഥാനത്തെ ഒരു മാളിൽ ദിനം പ്രതി 50000 പേർ വന്നുപോകുന്നു. സർക്കാർ ബസ്സുകൾ ഈ മാളിലേക്ക് സർവ്വീസ് നടത്തുന്നു. പക്ഷെ അൻപത് പേരെ പങ്കെടുപ്പിച്ച് ഒരു കലാപരിപാടി നടത്താനാവില്ല എന്നു പറയുന്ന നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സൂര്യ കൃഷ്ണാമൂർത്തിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

”ഇത് കണ്ടപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാൻ തോന്നിയില്ല. അത്രത്തോളം ഗുരുതരമാണ് ഇതിൽ പറയുന്ന കാര്യങ്ങൾ

#

ഒരു മുന്നറിയിപ്പ്

സൂര്യാ കൃഷ്ണമൂർത്തി

#

ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ ഒരിക്കൽ പറഞ്ഞു , നിയമം എന്നും നായ്ക്കളെ പോലെയാണ് , എപ്പോഴും കുരച്ച് പേടിപ്പെടുത്തി കൊണ്ടിരിക്കും ,
പക്ഷേ കടിക്കുന്നത് , പാവപ്പെട്ടവരെയും ആരുമില്ലാത്തവരെയും ശബ്ദമില്ലാത്തവരെയും മാത്രമാണ് ..

കോവിഡിൻെറയും ഒമിക്രോണിൻ്റെയും പേരിൽ ഏറ്റവും കൂടുതൽ കടിയേറ്റത് സ്റ്റേജ് കലാകാരന്മാരാണ് .
ഒരു ജില്ലയിലെ ടി.പി.ആർ മുപ്പതു ശതമാനം കഴിഞ്ഞാൽ ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ സർക്കാരിന് നടപ്പിലാക്കിയേ കഴിയൂ … അതവരുടെ ഡ്യൂട്ടിയാണ് ..

എന്നാൽ ഈ നിയന്ത്രണങ്ങൾ സ്റ്റേജ് കലാകാരന്മാർക്കു മാത്രമായി ചുരുങ്ങുമ്പോളാണ് ,.ജസ്റ്റിസ് പറഞ്ഞ സത്യം മനസ്സിലാകുന്നത് ..

ഇപ്പോൾ തിരുവനന്തപുരത്തും എറണാകുളത്തും തൃശ്ശൂരും കോഴിക്കോട്ടും നിയന്ത്രണങ്ങളുണ്ട് ..
തിരുവനന്തപുരത്തെ കാര്യം മാത്രം ഞാൻ പറയാം …

ഇവിടെ എല്ലാ സിനിമാ തിയേറ്ററുകളും പ്രവർത്തിക്കുന്നുണ്ടു് ..
ആയിരം ഇരിപ്പിടങ്ങളുള്ള തിയേറ്ററുകളിൽ അഞ്ഞൂറു പേരെ ഇരുത്തി പ്രദർശനം നടത്താം ..

എന്നാൽ അൻപത് പേരെ ഇരുത്തി കഥകളിയോ കുടിയാട്ടമോ പാടില്ല .. നൂറു പേരെ ഇരുത്തി സംഗീത കച്ചേരി പാടില്ല , നാടകം പാടില്ല ..
ഇവിടെയാണ് നിരന്തരം കടിയേൽക്കുന്ന ഞങ്ങൾ പ്രതികരികരിച്ചു പോകുന്നത് ..

ഒരു നാടകം നടന്നാൽ അതിൻ്റെ പ്രയോജനം അഭിനേതാക്കൾക്കു
മാത്രമല്ല ..അന്നന്നുള്ള ചിലവിനുള്ള തുക അന്നന്നു കണ്ടെത്തുന്ന ലൈറ്റ് ആൻറ് സൗണ്ട് കലാകാരന്മാർ, സെറ്റ് ഡിസൈനിലെ കലാകാരന്മാർ ,മേയ്ക്കപ്പ് കലാകാരന്മാർ എന്നിവർക്കാണ് ..
അവരുടെ പിച്ചച്ചട്ടിയിലാണ് മണ്ണ് വാരിയിടുന്നത് ..

ലൈറ്റ് ആൻ്റ് സൗണ്ടിൽ മാത്രം പന്ത്രണ്ടോളം പേർ ഇതുവരെ ആത്മഹത്യ ചെയ്തു കഴിഞ്ഞു ..

മരക്കാർ സിനിമ ഒ.ടി.ടിയിൽ നിന്നു തിയേറ്ററിൽ എത്തിക്കുക എന്നത് കേരള സർക്കാർ സാംസ്കാരിക വകുപ്പിൻ്റെ പ്രധാന അജണ്ടയായിരുന്നു ..
എതയെത്ര ചർച്ചകൾ , എത്രയെത്ര സർക്കാർ ഉത്തരവുകൾ … എത്രയെത്ര ഒത്തുതീർപ്പുകൾ ..
സാംസ്കാരിക വകുപ്പിൻ്റെ ചുമതല തന്നെയാണത് , സമ്മതിക്കുന്നു …
എന്നാൽ ആ താല്പര്യത്തിൻ്റെ നൂറിൽ ഒരംശം ഈ പട്ടിണിപ്പാവങ്ങൾക്കു വേദികൾ കിട്ടാൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി …

രണ്ടു കൊല്ലക്കാലം ഒരു വേദിയുമില്ലാതെ കഷ്ടപ്പെട്ടതിനു ശേഷം ഒന്നു പച്ച പിടിച്ചു വന്നപ്പോളാണ് ഇപ്പോൾ ഈ ഇരുട്ടടി …

തിരുവനന്തപുരത്തെ മോളുകളെല്ലാം തന്നെ നല്ല രീതിയിൽ , ഏറെ ജനപങ്കാളിത്തത്തോടെ, ഇപ്പോഴും , പ്രവർത്തിക്കുന്നു ..അതിൽ പ്രധാനപ്പെട്ട ഒന്നിൽ , ഇപ്പോഴും അൻപതിനായിരത്തിൽപരം ആൾക്കാരാണത്രേ ദിവസവും വന്നു പോകുന്നത് ..

കൂടാതെ , സർക്കാർ ബസ്സുകൾ , ഈ മോളിലേക്ക് ദിവസേന പല സമയങ്ങളിലായി സർവ്വീസ് നടത്തുന്നുണ്ട് .. തിങ്ങിനിറഞ്ഞാണ് ഈ ബസുകൾ സഞ്ചരിക്കുന്നത് ..
നിയന്ത്രണങ്ങൾ ഉള്ളപ്പോഴും ഈ ബസുകൾ ഷെഡ്യൂൾ പ്രകാരം തന്നെ ഓടുന്നുണ്ട് …

മോളുകളും അടച്ചിടണമെന്നു ഞാൻ പറയുകയില്ല … എത്രയോ പേരുടെ വയറ്റുപ്പിഴപ്പാണ് അത് ..

എന്നാൽ മോളിലേക്കു പോകുന്ന പല സർക്കാർ ബസ്സുകളിൽ ഒരെണ്ണത്തിൽ മാത്രം കൊള്ളാവുന്ന അത്രയും പേർ ഒന്നിച്ചിരുന്നു നാടകം കാണുന്നതിനു മാത്രമാണ് വിലക്ക് , എന്നു വരുമ്പോളാണ് ഉള്ളു നോവുന്നത്….

ഒരു ടി.വി.ഷൂട്ടിംഗിനും വിലക്കില്ല ..
ഒരു ഫിലിം ഷൂട്ടിംഗിനും വിലക്കില്ല …
സിനിമാ തിയേറ്ററുകൾക്ക് വിലക്കില്ല ..
രാഷ്ടീയ യോഗങ്ങൾക്ക് വിലക്കില്ല ..
സമരങ്ങൾക്ക് വിലക്കില്ല ..
സ്കൂളുകളിൽ 9,10, 11 ക്ലാസ്സുകൾ പ്രവർത്തിക്കുന്നതിന് വിലക്കില്ല ..
കോളേജുകൾ പ്രവർത്തിക്കുന്നതിനു വിലക്കില്ല ….
കലാലയങ്ങളിൽ ജനുവരി 23 ന് നടക്കാനിരിക്കുന്ന
തെരഞ്ഞെടുപ്പിനു വിലക്കില്ല …
സ്റ്റേജിലെ അവതരണങ്ങൾക്കു മാത്രമാണ് വിലക്ക് ..
കോവിഡു കാലം കശക്കിയെറിഞ്ഞത് സ്റ്റേജ് കലാകാരന്മാരെ മാത്രം ..

മാർക്സിസ്റ്റ് പാർട്ടി സെക്രട്ടറി പറഞ്ഞത് ശ്രദ്ധിക്കുക ..
അടച്ചിട്ട ഹാളിൽ 300 പേർക്ക് യോഗം കൂടാനുള്ള സമ്മതം ഇലക്ഷൻ കമ്മിഷൻ നല്കിയിട്ടുണ്ടത്രേ .. അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യമില്ല , കുറ്റപ്പെടുത്തേണ്ട കാര്യവുമില്ല ..
അവരെപ്പോലെയുള്ള മനുഷ്യർ തന്നെയല്ലേ സ്റ്റേജ് കലാകാരന്മാരും എന്ന തിരിച്ചറിവ് ഉണ്ടായാൽ മാത്രം മതി …

ഒരിക്കൽ , 92 വയസ്സള്ള , പട്ടിണിപ്പാവമായ കാക്കാരിശ്ശി നാടക കലാകാരന് ,
ജീവിത സായാഹ്നത്തിൽ ഒരു സഹായവുമായി ഞാൻ ചെന്നു ..
ഭക്ഷണത്തിനും മരുന്നിനും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വരില്ല എന്നു പറഞ്ഞു കൊണ്ട് ,
ഞങ്ങൾ പ്രയത്നിച്ചു സ്വരൂപിച്ച 3 ലക്ഷം രൂപ വച്ചു നീട്ടി…
അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധിക്കുക …
92 വയസ്സായ എനിക്ക് ഇപ്പോൾ 3 ലക്ഷം രൂപ കിട്ടിയിട്ട് എന്തു കാര്യം ??
ഈ തുക സാറു തന്നെ വച്ചോളൂ ..
എന്നിട്ട് , എനിക്കു രണ്ടു കളി ഏർപ്പാടു ചെയ്തു തരാനാവുമോ ??

കലാകാരൻ്റെ കളിക്ക് കൂച്ചുവിലങ്ങിടരുത് …

അവൻ്റെ ചിലങ്ക നിശ്ചലമായാൽ
ഒരു രാജ്യത്തിൻ്റെ ചങ്കാണ് നിശ്ചലമാവുന്നത് …

ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ പറഞ്ഞ ആ നായയുടെ കടിയുമേറ്റ് സ്റ്റേജ് കലാകാരന്മാർ എന്നും സഹിച്ചു കഴിയുമെന്നു് കരുതരുത്…
ഇത് ഉണർത്തുപാട്ടിൻ്റെയും ഉയർത്തെഴുന്നേല്പിൻ്റെയും കാലമാണ് …

ഇതൊരു ഓർമ്മപ്പെടുത്തലാണ് …

ഇതൊരു
മുന്നറിയിപ്പാണ് …

സൂര്യാ കൃഷ്ണമൂർത്തി

Related Articles

Latest Articles