കൊല്ലം: ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ ക്രൂരമായി മർദ്ദിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കാറിടിച്ചത് ചോദ്യം ചെയ്തുണ്ടായ തർക്കത്തെ തുടർന്നാണ് നടുറോഡിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ ക്രൂരമായി മർദ്ദിച്ചത്. പരവൂർ പുത്തൻകുളം സ്വദേശികളായ മനു, പ്രദീഷ്, രാജേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറായ പരവൂർ സ്വദേശി ബിജുവിന് നേരെ ആക്രമണമുണ്ടായത്. പ്രതികൾ ഇൻസ്പെക്ടറെ കാറിൽ നിന്നും ചവിട്ടി നിലത്തിട്ട് കല്ല് കൊണ്ട് മുഖത്തടിക്കുകയായിരുന്നു. കൂടാതെ മർദ്ദനത്തിനിടെ പ്രതികൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നും ഇൻസ്പെക്ടർ മൊഴി നൽകി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബ്ബാർ, സബ് ഇൻസ്പെക്ടർ അനുരൂപ എന്നിവർ സ്ഥലത്തെത്തുകയും, ബിജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

