ഇടുക്കി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ വർധിച്ചതായി റിപ്പോർട്ടുകൾ. ശൈശവ വിവാഹങ്ങൾ കൂടുതലായി സംഭവിച്ചത് ഇടുക്കിയിലെ തോട്ടം മേഖയിലാണെന്നാണ് റിപ്പോർട്ടുകൾ. നെടുങ്കണ്ടം, ഉടുമ്പൻചോല പ്രദേശങ്ങളിൽ മാത്രം ഏഴ് വിവാഹങ്ങൾ നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന രഹസ്യ വിവരം.
വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ശൈശവ വിവാഹങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല ശിശുക്ഷേമ സമിതി യൂണിറ്റിനെ ഇന്റലിജൻസ് എഡിജിപി നിർദേശിച്ചു.
ഇടുക്കിയിലെ നെടുങ്കണ്ടം മുതൽ പൂപ്പാറ വരെയുള്ള ഭാഗത്ത് 14, 15 വയസുള്ള പെൺകുട്ടികളെയാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്.
പാറത്തോട്, ഉടുമ്പൻചോല, പൂപ്പാറ എന്നിവിടങ്ങളിലാണ് അധികവും. സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും ചൈൽഡ് ലൈനും ആദ്യം ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. പിന്നാലെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഇന്റലിജൻസ് എഡിജിപി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ആർ. സന്തോഷ് കുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്.
ലോക്ക്ഡൗൺ കാലയളവിൽ സ്‌കൂളുകൾ പൂട്ടിയതിനാൽ മേഖലയിലെ കുട്ടികൾ തോട്ടം തൊഴിലുകൾക്ക് പോയിരുന്നു. ആദ്യം ജോലിക്ക് അയച്ച മാതാപിതാക്കൾ പിന്നീട് ഇവരെ വിവാഹം കഴിപ്പിച്ചയാക്കുകയായിരുന്നു. 24-30 പ്രായപരിധിയിലുള്ള പുരുഷൻമാരാണ് കുട്ടികളെ വിവാഹം കഴിച്ചിരിക്കുന്നത്.
പെൺകുട്ടികളെ തമിഴ്‌നാട്ടിൽ എത്തിച്ചാണ് കല്യാണം നടത്തിയെന്നാണ് കണ്ടെത്തലുകൾ. വിവാഹം നടത്തി ആഴ്ചകൾക്ക് ശേഷമാണ് കേരളത്തിലേക്ക് തിരികെയെത്തിക്കുക. കുട്ടിയുടെ പിതാവിനും ഭർത്താവിനുമെതിരെ കേസെടുക്കുന്നതും അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നതും പെൺകുട്ടിയുടെ ജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

