ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,527 പോസിറ്റീവ് കേസുകള്‍ കൂടി രാജ്യത്ത് സ്ഥിതീകരിച്ചിരിക്കുകയാണ്. 0.59 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി 2451, 2527 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗികള്‍. നേരിയ തോതില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,873 ആയി. 0.54 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 4.36 ലക്ഷമാളുകളിലാണ് കൊറോണ പരിശോധന നടത്തിയത്. ഇതില്‍ 1,755 പേര്‍ രോഗമുക്തരായി. ഇതോടെ ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നവരുടെ എണ്ണം 4.25 കോടിയായി. 98.75 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതിനിടെ കഴിഞ്ഞ ദിവസം 44 പേരുടെ മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,22,193 ആയി. 1.21 ശതമാനമാണ് മരണ നിരക്ക്.
അതേസമയം രാജ്യത്തെ പ്രതിരോധ വാക്‌സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്. ഇതുവരെ 187.67 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2021 ജനുവരിയിലായിരുന്നു രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്.

