Thursday, October 1, 2026

ഒഡീഷയിലെ ജനങ്ങൾക്ക് ഇത് അഭിമാന നിമിഷം! സ്ത്രീ ശാക്തീകരണത്തിന് ഉത്തമ ഉദാഹരണം; ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് നവീൻ പട്‌നായിക്

ദില്ലി: ബിജെപിയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ച് ബിജെഡി നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്. തന്റെ സംസ്ഥാനത്തിലെ ജനങ്ങൾക്ക് ഇത് അഭിമാന നിമിഷമാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.

‘ ഈ വിഷയത്തെക്കുറിച്ച് ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി എന്നോട് ചർച്ച ചെയ്തപ്പോൾ തന്നെ സന്തോഷമായി. ഒഡീഷയിലെ ജനങ്ങൾക്ക് തീർച്ചയായും ഇതൊരു അഭിമാന നിമിഷമാണ്. രാഷ്‌ട്രപതി സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ദ്രൗപതി മുർമുവിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന് ദ്രൗപതി മുർമു ഉത്തമ ഉദാഹരണമായിരിക്കുമെന്നും നവീൻ പട്‌നായിക് വ്യക്തമാക്കി. ബിജെപിയുടെ പാർലമെന്ററി യോഗത്തിന് ശേഷമാണ് ദ്രൗപതി മുർമുവിന്റെ പേര് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗോത്രവിഭാഗത്തിൽ നിന്നും രാഷ്‌ട്രപതി സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതാ നേതാവ് കൂടിയാണ് ദ്രൗപതി മുർമു. ജാർഖണ്ഡിലെ ഗവർണർ ആയി പ്രവർത്തിച്ചിട്ടുള്ള ദ്രൗപതി 2000ത്തിൽ ഒഡീഷയിൽ നവീൻ പട്‌നായിക് മന്ത്രിസഭയിലും അംഗമായിരുന്നു. ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്.

Related Articles

Latest Articles