Wednesday, October 14, 2026

മെഡിക്കൽ കോളേജിൽ വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവം; ഡോക്ടർമാരുടെ പ്രതിഷേധ യോഗം ഇന്ന്; പോസ്റ്റുമാർട്ടം റിപ്പോർട്ട് ലഭിച്ചേക്കും

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ വൃക്കമാറ്റത്തിനിടെ രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിച്ചേക്കും. ചികിത്സാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച എന്നിവയിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രധാനമാണ്. അതേസമയം, വൃക്കയടങ്ങിയ പെട്ടിയുമായി ഓടിയ അരുൺദേവ് ഉൾപ്പടെയുള്ളവരെ ഇന്ന് മെഡിക്കൽ കോളേജ് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.

ഡോക്ടർമാർക്കെതിരായ നടപടിയിൽ കെ ജി എം സി ടി എ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്നാണ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുന്നതിൽ തീരുമാനം. നടപടി പിൻവലിക്കണമെന്നാണ് കെ ജി എം സി ടി എ, ഐ എം എ ഉൾപ്പടെയുള്ള സംഘടനകൾ സംസ്ഥാന സർക്കാരിനോട് ആവശ്യം ഉന്നയിച്ചിരിക്കുന്നത് .

തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച വ്യക്ക യഥാസമയം ശസ്ത്രക്രിയ നടത്തി അവയവമാറ്റം നടത്താത്തത് കാരണം വൃക്ക സ്വീകരിച്ച രോഗി മരിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ് ശസ്ത്രക്രിയ വൈകിയതെന്ന് മനുഷ്യാവകാശ പ്രവർത്തകരായ ജി.എസ്.ശ്രീകുമാറും ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിൽ പറയുന്നു. രണ്ടര മണിക്കൂർ കൊണ്ടാണ് ഗ്രീൻ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് അവയവം എത്തിച്ചത്. എന്നാൽ കാരക്കോണം സ്വദേശിയായ രോഗിക്ക് അവയവ മാറ്റ ശസ്ത്രക്രിയ തുടങ്ങിയത് 3 മണിക്കൂർ വൈകിയാണ്. വ്യക്ക എത്തിയപ്പോൾ തന്നെ ശസ്ത്രക്രിയ തുടങ്ങിയിരുന്നെങ്കിൽ രോഗി രക്ഷപ്പെടുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾക്കെതിരെയാണ് പരാതി. രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 34 കാരൻ്റെ വൃക്കയാണ് തിരുവനന്തപുരത്ത് എത്തിച്ചത്.

Related Articles

Latest Articles