Thursday, May 23, 2024
spot_img

മലയാളി സൈനികൻ ഉൾപ്പെടെ വീരമൃത്യു വരിച്ച ഹെലികോപ്റ്റർ അപകടം; അശ്വിന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്, ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും

ദില്ലി: ഇന്നലെ അരുണാചല്‍ പ്രദേശിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ സൈനികന്‍ കെ വി അശ്വിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിൽ എത്തിക്കും. അസമിലെ സൈനിക ആശുപത്രിയിലാണ് അശ്വിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടിക്രമങ്ങൾക്കുശേഷം ഭൗതിക ശരീരം ദില്ലിയിലേക്ക് കൊണ്ടുപോകും. ദില്ലിയിൽ നിന്നാണ് ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നത്.

കാസർകോട് കിഴക്കേമുറി സ്വദേശിയാണ് അശ്വിൻ. ഇത്തവണ ഓണം ആഘോഷിക്കാൻ നാട്ടുകാർക്കും വീട്ടുകാർക്കുമൊപ്പം അശ്വിൻ ഉണ്ടായിരുന്നു. ഒരുമാസം മുൻപാണ് ലീവ് കഴിഞ്ഞ് മടങ്ങിയത്.
സൈനികന്റെ വിയോഗ വാർത്ത അറിഞ്ഞതുമുതൽ ചെറുവത്തൂരിലെ വീട്ടിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെടെ നിരവധി ആളുകൾ എത്തുന്നുണ്ട്. പലരുടേയും പ്രതികരണം വൈകാരികമായിരുന്നു. നാല് വര്‍ഷമായി അശ്വിന്‍ സൈനിക സേവനത്തിലായിരുന്നു.

അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായിരിക്കുന്നത്. കഴിഞ്ഞ ഓണത്തിനാണ് അശ്വിന്‍ അവസാനമായി നാട്ടില്‍വന്നത്. ചെറുവത്തൂര്‍ സ്വദേശി അശോകന്റെ മകനാണ് അശ്വിന്‍. മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്.

Related Articles

Latest Articles