തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുളള നടപടികളുമായി സിപിഎം. നിയമനിർമ്മാണത്തിനായി സർക്കാരിന് സിപിഎം അനുമതി നൽകും. ഇന്നത്തെ സിപിഎം സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും ഗവർണറെ നേരിടാൻ തീരുമാനിച്ചിരിക്കെ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് അവസാനിക്കുകയാണ്. ഗവർണർക്കെതിരായി സ്വീകരിക്കേണ്ട നിയമനടപടികൾ ഇന്നത്തെ യോഗത്തിൽ ചർച്ചക്ക് വരും. തർക്കത്തിൽ വിട്ടുവീഴ്ച വേണ്ട എന്നാണ് പാർട്ടിയുടെ തീരുമാനം.
ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ അനുമതിക്ക് അയക്കാനാണ് ഇവർ ആലോചിക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ലെങ്കിൽ നിയമസഭയിൽ ബില്ലും അവതരിപ്പിക്കും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കാനാണ് ധാരണ. ഇതിന് മുന്നെയായി പ്രതിപക്ഷ പിന്തുണയും തേടും. തുടർ നടപടിക്കായി പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ വൻ തുക ചെലവാക്കി മറ്റൊരിടത്ത് ഗവർണർക്കെതിരെ പടയൊരുക്കവും സർക്കാർ നടത്തുന്നുണ്ട്. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും 45.9 ലക്ഷം രൂപ ഫീസായി നൽകാനാണ് സർക്കാർ ഉത്തരവ്.

