ദോഹ: ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ക്ക് ആവേശം കൊള്ളുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മെസ്സിയുടെ അര്‍ജന്റീന നേടുമെന്നാണ് ഇഎ സ്പോര്‍ട്സിന്റെ പ്രവചനം.
2010, 2014, 2018 വര്‍ഷങ്ങളിലെ ലോകകപ്പ് ജേതാക്കളെ കൃത്യമായി പ്രവചിച്ചതുകൊണ്ടുതന്നെ ഇഎ സ്പോര്‍ട്സിന്റെ പ്രവചനം തള്ളിക്കളയാവുന്നതല്ല.
2010ല്‍ സ്പെയിന് നേടുമെന്നും 2014ല്‍ ജര്‍മ്മനി, 2018ല്‍ ഫ്രാന്‍സ് കപ്പുയര്‍ത്തുമെന്നും ഇഎ സ്പോര്‍ട്സ് പ്രവചിച്ചിരുന്നു. പ്രവചനം യാഥാര്‍ഥ്യമാകുകയും ചെയ്തു. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സി കപ്പുയര്‍ത്തുന്നത് കാണാനായി കാത്തിരിക്കുന്ന അര്‍ജന്റീന ആരാധകരെ പ്രവചനം തെല്ലൊന്നുമല്ല ആവേശത്തിലാഴ്ത്തിയിരിക്കുന്നത്.
ഫിഫ 2023 ഗെയിംസിലെ മത്സരങ്ങളുടെ കണക്കെടുത്താണ് ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന നേടുമെന്ന് പ്രവചനം നടത്തിയിരിക്കുന്നത്. നവംബര്‍ 14നാണ് ലോകകപ്പിനുള്ള അര്‍ജന്റീനയുടെ 26 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്.