Friday, May 3, 2024
spot_img

കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകം; വെട്ടുകളെല്ലാം തുരുമ്പിച്ച വാള്‍ കൊണ്ട്? ആയുധങ്ങള്‍ കണ്ടെടുത്തതോടെ കേസിലെ ദുരൂഹത വര്‍ധിക്കുന്നു

കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തതോടെ കേസിലെ ദുരൂഹത വര്‍ധിക്കുന്നു. തുരുമ്പിച്ച വടിവാളും നാല് ഇരുമ്പ് ദണ്ഡുകളുമാണ് തെളിവെടുപ്പിനിടെ പീതാംബരന്‍ പൊലീസിന് കാണിച്ചുകൊടുത്തത്. എന്നാല്‍ ഈ തുരുമ്പിച്ച വടിവാള്‍ കൊലയ്ക്ക് ഉപയോഗിച്ചതാണോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകനായ ശാസ്താ ഗംഗാധരന്റെ റബര്‍ തോട്ടത്തിലെ ഉപയോഗശൂന്യമായി കിടക്കുന്ന കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊല നടന്ന സ്ഥലത്ത് നിന്നും 400 മീറ്ററോളം ദൂരെയാണ് ഇത്. ശരത്‌ലാലിനും കൃപേഷിനുമേറ്റ ആഴത്തിലുള്ള മുറിവുകള്‍ പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന തുരുമ്പിച്ച വടിവാളില്‍ നിന്നായിരിക്കില്ല വെട്ടേറ്റിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൃപേഷിന്റെ തലച്ചോറ് ഒറ്റവെട്ടിന് തന്നെ പിളര്‍ന്നിരുന്നു. ശരത്തിന്റെ കാല്‍മുട്ടിന് കീഴെയുള്ള ഭാഗത്ത് അഞ്ച് വെട്ടേറ്റിരുന്നു. എല്ലും മാംസവും കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു ശരത്‌ലാലിന്റെ കാല്‍. തുരുമ്പെടുത്ത വാള്‍ കൊണ്ട് ഇങ്ങനെ മുറിവേല്‍പ്പിക്കാന്‍ മറ്റുമോയെന്നാണ് പോലീസിന് മുമ്പിൽ ഉയരുന്ന ഇപ്പോഴത്തെ ചോദ്യം.

20 മുറിവുകളാണ് ശരത്‌ലാലിന്റെ ശരീരത്തിലുള്ളത്. ഇത് വാളിന്റെ വെട്ടേറ്റ് ഉള്ളതാണ്. 23 സെന്റീമീറ്റര്‍ നീളത്തിലുള്ളതാണ് നെറ്റിയിലെ മുറിവ്. ഇരുമ്ബ് ദണ്ഡ് ഉപയോഗിച്ച്‌ ഇങ്ങനെ മുറിവുണ്ടാക്കാന്‍ സാധിക്കില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ, ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ ദണ്ഡുകള്‍ ഉപയോഗിച്ചുള്ള മര്‍ദനത്തിന്റെ പാടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. മുര്‍ച്ചയുള്ള ആയുധമാണ് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘത്തിന് വ്യക്തമാണ്. ഒന്നിലേറെ വാളുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് സൂചന.

Related Articles

Latest Articles